ഗില്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക്, വൈസ് ക്യാപ്റ്റനായി ഋഷഭ് പന്ത്?
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടിമുടി മാറുമെന്ന് ഉറപ്പായി. രോഹിത്ത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ പുതിയ നേതൃത്വത്തിന് കീഴിലാകും ഇന്ത്യ ഇനി ടെസ്റ്റ് കളിയ്ക്കുക. വിശ്വസനീയമായ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, പ്രതിഭാശാലിയായ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.
വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കും. വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ് ഋഷഭ് പന്ത് എന്നതിനാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ സെഞ്ച്വറികള്‍ നേടിയതും 90 നും 99 നും ഇടയില്‍ ഏഴ് തവണ സ്‌കോര്‍ ചെയ്തതും അദ്ദേഹത്തിന്റെ മികവിന് ഉദാഹരണമാണ്. ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് സംബന്ധിച്ചുള്ള ആശങ്കകളും അദ്ദേഹത്തിന് ഉപനായക സ്ഥാനം നല്‍കുന്നതില്‍ പരിമിതികളുണ്ടാക്കിയേക്കാം.
'ബുംറ നായകനല്ലെങ്കില്‍ പിന്നെ അദ്ദേഹത്തിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുന്നതില്‍ അര്‍ത്ഥമില്ല' ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
അതേസമയം, വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കോഹ്ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുന്നതിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗില്ലിന് കൂടുതല്‍ സമയം നേതൃത്വത്തിലേക്ക് വളരാന്‍ അനുവദിക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. നിലവില്‍ കോഹ്ലി ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍, ഇംഗ്ലണ്ടിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ കോഹ്ലിയുടെ പരിചയം ടീമിന് അനിവാര്യമാണെന്നും അതിനാല്‍ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കളിക്കണമെന്നും അഭ്യര്‍ത്ഥിക്കാന്‍ സാധ്യതയുണ്ട്.
കോഹ്ലിയുടെ ടെസ്റ്റ് കരിയറുമായി ബന്ധപ്പെട്ട് ബിസിസിഐ അദ്ദേഹവുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറെയും ബിസിസിഐ സെക്രട്ടറി ദേവജിത് സായികിയേയും പിടിഐ ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിച്ചിട്ടില്ല.
'ഇംഗ്ലണ്ട് പരമ്പരയില്‍ കോഹ്ലിയെ ഇന്ത്യയുടെ ക്യാപ്റ്റനായി പരിഗണിക്കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നു എന്നത് സത്യമാണ്. ഇത് ഗില്ലിന് നേതൃത്വത്തിലേക്ക് വളരാന്‍ കൂടുതല്‍ സമയം നല്‍കിയേനെ. എന്നാല്‍ 25 വയസ്സ് കഴിഞ്ഞ ഗില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിലേക്ക് എത്തിയിട്ടില്ല. ബുംറയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം, അജിത് അഗാര്‍ക്കറുടെ കമ്മിറ്റിയുടെ സ്വാഭാവിക തിരഞ്ഞെടുപ്പ് ഗില്ലായിരിക്കും' എന്ന് സംഭവവികാസങ്ങളെക്കുറിച്ച് അറിയാവുന്ന ഒരു ബിസിസിഐ വൃത്തം പറഞ്ഞു.
കെ എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല എന്നും സൂചനയുണ്ട്. അദ്ദേഹത്തിന് 33 വയസ്സ് കഴിഞ്ഞതും സ്ഥിരതയില്ലാത്ത പ്രകടനവുമാണ് ഇതിന് കാരണം. ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല. 11 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ 50 മത്സരങ്ങളില്‍ നിന്ന് 35 ല്‍ താഴെ ശാരാശരി മാത്രമാണ് രാഹുലിന് ഉളളത്.
അതെസമയം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ മെയ് അവസാനത്തോടെ പ്രഖ്യാപിക്കും. ഇന്ത്യ എ ടീമിനെ അടുത്തയാഴ്ച ആദ്യത്തോടെയും പ്രഖ്യാപിക്കും.