കമ്മിന്‍സന്റെ കാര്യത്തില്‍ സര്‍പ്രൈസ്, ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന നായകന്‍ പാറ്റ് കമ്മിന്‍സ് ടീമിലേക്ക് തിരിച്ചെത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം. പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും ടീമിലുണ്ട്.
രണ്ടാം കുട്ടിയുടെ ജനനത്തിനായി കമ്മിന്‍സ് ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഇന്ത്യക്കെതിരായ പരമ്പരയില്‍ പരിക്കേറ്റ ഹേസല്‍വുഡ് രണ്ട് ടെസ്റ്റുകള്‍ മാത്രമേ കളിച്ചിരുന്നുള്ളൂ.
അതെസമയം മോശം ഫോമിനെ തുടര്‍ന്ന് ഓപ്പണര്‍ ജെയ്ക്ക് ഫ്രേസര്‍-മക്ഗര്‍ക്കിനെ ടീമില്‍ നിന്ന് ഒഴിവാക്കി.
'പരിചയസമ്പന്നരായ കളിക്കാരുടെ സമതുലിതമായ ഒരു ടീമാണിത്. മുന്‍ ലോകകപ്പ്, വെസ്റ്റ് ഇന്‍ഡീസ് പരമ്പര, യുകെ പര്യടനം, പാകിസ്ഥാന്‍ പരമ്പര എന്നിവയില്‍ പങ്കെടുത്ത താരങ്ങളാണ് ടീമിന്റെ കാതല്‍. പാകിസ്ഥാനിലെ വ്യത്യസ്ത സാഹചര്യങ്ങള്‍ക്കും എതിരാളികള്‍ക്കും അനുസൃതമായി ടീം മാറ്റങ്ങള്‍ വരുത്താന്‍ ഇത് സഹായിക്കും' ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്ലി പറഞ്ഞു.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ പാകിസ്ഥാനിലും യുഎഇയിലുമായാണ് എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്.
ഓസ്‌ട്രേലിയന്‍ ടീം:
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്‌സ് കാരി, നഥാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാമ്പ.