സെഞ്ച്വറിയുമായി ഗില്ലിന്റെ ഗര്‍ജനം, കോഹ്ലി ഫോമില്‍, ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍
ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 357 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 356 റണ്‍സിന് എല്ലാവരും പുറത്തായി. തുടക്കത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ (1) നഷ്ടപ്പെട്ടെങ്കിലും, വിരാട് കോഹ്ലിയും (52) ശുഭ്മാന്‍ ഗില്ലും (112) ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ച്ചയായ ബൗണ്ടറികളുമായി ഗില്‍ മുന്നേറിയപ്പോള്‍, കോഹ്ലി മികച്ച പിന്തുണ നല്കി. 116 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
കോഹ്ലി പുറത്തായതിന് ശേഷം ശ്രേയസ് അയ്യര്‍ (78) ഗില്ലിന് മികച്ച കൂട്ടാളിയായി. ഇരുവരും ചേര്‍ന്ന് 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗില്‍ തന്റെ ഏഴാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയെങ്കിലും അധികം വൈകാതെ പുറത്തായി. ശ്രേയസ് അയ്യരും സെഞ്ച്വറിക്ക് അടുത്തെത്തിയെങ്കിലും 78 റണ്‍സില്‍ പുറത്തായി. അവസാന ഓവറുകളില്‍ കെ എല്‍ രാഹുലിന്റെ (40) പ്രകടനമാണ് ഇന്ത്യന്‍ സ്കോര്‍ 350 കടത്തിയത്.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാല് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം കുല്‍ദീപ് യാദവും, വിശ്രമം അനുവദിച്ച ജഡേജക്കും, ഷമിക്കും പകരം വാഷിങ്ടണ്‍ സുന്ദറും, അര്‍ഷ്ദീപും ടീമിലെത്തി
പ്ലെയിംഗ് ഇലവൻ:
- ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്.
- ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലർ (ക്യാപ്റ്റൻ), ടോം ബാന്റൺ, ലിയാം ലിവിംഗ്സ്റ്റൺ, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്, മാർക്ക് വുഡ്, സാഖിബ് മഹ്മൂദ്.