കുല്‍ദീപും അക്‌സറും പുറത്ത്!, കോട്ടിയനെ ടീമിലെടുത്തതിന്റെ കാരണം പറഞ്ഞ് രോഹിത്ത്
ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി പരമ്പരയുടെ പകുതിയില്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ മെല്‍ബണിലും സിഡ്നിയിലും നടക്കാനിരിക്കുന്ന നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റ് മത്സരങ്ങളിലേക്ക് ഇന്ത്യയ്ക്ക് ഒരു സ്പിന്നറെ കുറവായിരുന്നു. അതിനാല്‍, നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്ന തനുഷ് കോട്ടിയനെ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലേക്ക് അപ്രതീക്ഷിതമായി വിളിക്കുകയായിരുന്നു.
കുല്‍ദീപ് യാദവ് അടക്കം പുറത്തിരുക്കുമ്പോഴായിരുന്നു തനുഷ് കോട്ടിയയെ ഇന്ത്യന്‍ ടീമിലേക്ക് സര്‍പ്രൈസ് വിളി വന്നത്. ഇതിനിടെ ഇക്കാര്യത്തെ കുറിച്ച് രോഹിത്ത് ഒരു തമാശ പറഞ്ഞത് വലിയ ചര്‍ച്ചയായി. കുല്‍ദീപിന് വിസ ഇല്ലാത്തതിനാല്‍ മാത്രമാണ് കോട്ടിയനെ തിരഞ്ഞെടുത്തതെന്ന് രോഹിത്ത് തമാശയായി പറഞ്ഞത്.
'ഒരു മാസം മുമ്പ് തനുഷ് ഇവിടെ ഉണ്ടായിരുന്നു, കുല്‍ദീപിന് വിസ ഇല്ല. എത്രയും വേഗം ഇവിടെ എത്താന്‍ ആരെയെങ്കിലും ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. തനുഷ് തയ്യാറായിരുന്നു, ഇവിടെ നന്നായി കളിച്ചു. തമാശകള്‍ മാറ്റിനിര്‍ത്തിയാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, സിഡ്നിയിലോ മെല്‍ബണിലോ ഞങ്ങള്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുകയാണെങ്കില്‍ ഒരു ബാക്കപ്പ് ഞങ്ങള്‍ക്ക് വേണമായിരുന്നു' രോഹിത്ത് പറഞ്ഞു.
26 കാരനായ കോട്ടിയന്‍ 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 25.70 എന്ന ശരാശരിയില്‍ 101 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ബാറ്റിംഗിലും കോട്ടിയന്‍ മോശമല്ല. 47 ഇന്നിംഗ്സുകളില്‍ നിന്ന് 41.21 എന്ന ശരാശരിയില്‍ 1525 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്, രണ്ട് സെഞ്ച്വറികളും 13 അര്‍ദ്ധ സെഞ്ച്വറികളും അടക്കമാണ് ഈ മികച്ച പ്രടനം.
'കുല്‍ദീപിന് പരിക്കേറ്റു, അക്സറിന് കുഞ്ഞ് ജനിച്ചു'
അതെസമയം കുല്‍ദീപിനെയോ അക്സറിനെയോ അശ്വിന് പകരക്കാരനായി പരിഗണിക്കാത്തതിന്റെ കാരണം രോഹിത് വെളിപ്പെടുത്തി. കുല്‍ദീപ് അടുത്തിടെ ഒരു ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും അക്സര്‍ ഒരു പിതാവായതിനാല്‍ ടീം സെലക്ഷന് ലഭ്യമായിരുന്നില്ലെന്ന്ും രോഹിത്ത് പറഞ്ഞു.
'കുല്‍ദീപ് 100 ശതമാനം ഫിറ്റല്ല, കാരണം അദ്ദേഹം ഒരു ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അക്സറിന് അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചു, അതിനാല്‍ അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ കഴിയില്ല. അതിനാല്‍, തനുഷ് ഞങ്ങള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനായിരുന്നു, കഴിഞ്ഞ സീസണില്‍ മുംബൈ രഞ്ജി ട്രോഫി നേടിയതിന്റെ ഒരു കാരണം അദ്ദേഹമായിരുന്നു' രോഹിത്ത് പറഞ്ഞു.