ഇത് എന്റെ പിഴ, പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രോഹിത്ത് ശര്‍മ്മ
മുംബൈയില്‍ നാണംകെട്ട പരാജയമാണല്ലോ രോഹിത്ത് ശര്‍മ്മയുടെ നേതൃത്വത്തിലുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏറ്റുവാങ്ങിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലും ദയനീയ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.
147 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടീം ഇന്ത്യയെ 3 മത്സരങ്ങളുടെ പരമ്പരയില്‍ വൈറ്റ്വാഷ് ചെയ്യുന്നത്.
ഈ പരാജയം ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. മത്സരത്തില്‍ 25 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
'ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഞാന്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എനിക്ക് എന്റെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല' രോഹിത്ത് പറഞ്ഞു.
'ഇത്തരമൊരു തോല്‍വി എളുപ്പത്തില്‍ ദഹിക്കാന്‍ കഴിയില്ല. ഞങ്ങള്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂസിലാന്‍ഡ് ഞങ്ങളെക്കാള്‍ മികച്ചതായിരുന്നു' രോഹിത് പറഞ്ഞു.
'ആദ്യ രണ്ട് ടെസ്റ്റുകളിലും ആദ്യ ഇന്നിംഗ്‌സില്‍ വേണ്ടത്ര റണ്‍സ് നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇവിടെ 30 റണ്‍സ് ലീഡ് നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. വിജയലക്ഷ്യം നേടിയെടുക്കാവുന്നതായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അത് നഷ്ടമായി.' - രോഹിത് കൂട്ടിച്ചേര്‍ത്തു.
'ഇത്തരം പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് പന്തും, ഗില്ലും, ജയ്സ്വാളും കാണിച്ചുതന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അത് പകര്‍ത്താനായില്ല. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ പരാജയപ്പെട്ടു.' - രോഹിത് പറഞ്ഞു നിര്‍ത്തി.