ഹിന്ദി ദേശീയ ഭാഷയല്ലെന്ന് അശ്വിന്‍, മുന്നറിയിപ്പുമായി ബിജെപി
ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നുമുള്ള മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്റെ പരാമര്‍ശം വിവാദത്തില്‍. ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളേജില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനിടെയാണ് അശ്വിന്‍ ഭാഷ നിലപാട് വ്യക്തമാക്കിയത്.
നിങ്ങള്‍ക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ലെങ്കില്‍ ഹിന്ദിയില്‍ എന്നോട് ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി. തുടര്‍ന്നാണ് അശ്വിന്‍ ഹിന്ദിയെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിത്.
ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് എനിക്ക് തോന്നി, ഹിന്ദിയെ നിങ്ങള്‍ ഇന്ത്യയുടെ ദേശീയ ഭാഷയായൊന്നും കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി കണ്ടാല്‍ മതിയെന്നും അശ്വിന്‍ പറഞ്ഞു. ഈ പരാമര്‍ശത്തെ വിദ്യാര്‍ത്ഥികള്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്.
എന്നാല്‍ അശ്വിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് ഉമാ ആനന്ദന്‍ രംഗത്തെത്തി. ഭാഷാ വിവാദത്തില്‍ ഇടപെടാതിരിക്കുന്നതാണ് അശ്വിന് നല്ലതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. 'അശ്വിന്‍ ദേശീയ ക്രിക്കറ്റ് താരമാണോ അതോ തമിഴ്നാട് ക്രിക്കറ്റ് താരമാണോ?' എന്ന ചോദ്യവും ഉമാ ആനന്ദന്‍ ഉന്നയിച്ചു.
''ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിന്‍ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാന്‍ എനിക്കു താല്‍പര്യമുണ്ട്.'' ബിജെപി നേതാവ് ചോദിച്ചു.
അടുത്തിടെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച അശ്വിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.