ഞാനായിരുന്നെങ്കില്‍ കോലിയെ ക്യാപ്റ്റനാക്കിയേനെ, ബിസിസിഐയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ശാസ്ത്രി
വിരാട് കോലിയുടെ അപ്രതീക്ഷിത ടെസ്റ്റ് വിരമിക്കലിന്റെ അലയൊലികള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അവസാനിക്കുന്നില്ല. കോലിയുടെ വിടവാങ്ങല്‍ ബിസിസിഐ കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി രേഖപ്പെടുത്തിയും, കൂടുതല്‍ മികച്ച ആശയവിനിമയം ആവശ്യമായിരുന്നുവെന്ന് തുറന്നടിച്ചും രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രവി ശാസ്ത്രി.
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം താനായിരുന്നു കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെങ്കില്‍ കോലിയെ വീണ്ടും ഇന്ത്യന്‍ ടീമിന്റെ നായകനാക്കുമായിരുന്നുവെന്നും ശാസ്ത്രി വെളിപ്പെടുത്തിയത് ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്.
ബിസിസിഐക്ക് നേരെ ശാസ്ത്രിയുടെ അമ്പുകള്‍
സോണി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി ബിസിസിഐയുടെ നടപടികളെ ചോദ്യം ചെയ്തത്. 'വിരാട് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് ദുഃഖകരമായ കാര്യമാണ്. കാരണം, അവന്‍ ഒരു മഹാനായ കളിക്കാരനാണ്. ഒരു കളിക്കാരന്റെ വില ശരിക്കും മനസ്സിലാകുന്നത് അയാള്‍ കളിക്കളം വിട്ടുപോകുമ്പോഴാണ്. കണക്കുകള്‍ക്ക് ആ മഹത്വം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവില്ല. ടെസ്റ്റ് ക്രിക്കറ്റിന്റെ, പ്രത്യേകിച്ച് വിദേശ പിച്ചുകളിലെ അംബാസഡര്‍ എന്ന നിലയില്‍ അദ്ദേഹം സ്വയം കളിക്കളത്തില്‍ അവതരിപ്പിച്ച രീതി അതുല്യമായിരുന്നു. ലോര്‍ഡ്സിലെ അദ്ദേഹത്തിന്റെ പ്രകടനവും ടീമിനെ വിജയത്തിലേക്ക് നയിച്ചതും അവിശ്വസനീയമായിരുന്നു. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്,' ശാസ്ത്രി പറഞ്ഞു.
എന്നാല്‍, ഇതിന് പിന്നാലെയാണ് അദ്ദേഹം ബിസിസിഐയെ പരോക്ഷമായി വിമര്‍ശിച്ചത്. 'അവന്‍ പെട്ടെന്ന് വിടവാങ്ങിയ രീതിയില്‍ എനിക്ക് ദുഃഖമുണ്ട്. ആ സാഹചര്യം കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. ഒരുപക്ഷേ, കൂടുതല്‍ മികച്ച ആശയവിനിമയം ആവശ്യമായിരുന്നു. ആ സമയത്ത് എനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍, ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ഞാന്‍ അവനെ വീണ്ടും ക്യാപ്റ്റനാക്കിയേനെ,' ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രി-കോലി ബന്ധവും 'മാനസികമായി തളര്‍ന്ന' കോലിയും
2017 മുതല്‍ 2021 വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനും ക്യാപ്റ്റനുമായിരുന്ന ശാസ്ത്രിയും കോലിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കോച്ച്-ക്യാപ്റ്റന്‍ കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു അവരുടേത്. വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് കോലി താനുമായി സംസാരിച്ചിരുന്നുവെന്നും, താന്‍ 'മാനസികമായി തളര്‍ന്നു' (ാലിമേഹഹ്യ ളൃശലറ) എന്ന് കോലി പറഞ്ഞതായും ശാസ്ത്രി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഇത് കോലിയുടെ തീരുമാനത്തിന് പിന്നിലെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒരു ഉപദേഷ്ടാവ് എന്ന നിലയില്‍ കോലിയുടെ മാനസികാവസ്ഥ ഏറ്റവും നന്നായി അറിയുന്ന ഒരാള്‍ കൂടിയാണ് ശാസ്ത്രി.
കോലിയില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ്
വിരാട് കോലിയുടെയും, ഒപ്പം വിരമിച്ച രോഹിത് ശര്‍മ്മയുടെയും അഭാവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഒരു പുതിയ യുഗത്തിലേക്ക് കടക്കുകയാണ്. ജൂണ്‍ 20 മുതല്‍ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കോലിയില്ലാത്ത ഇന്ത്യയുടെ ആദ്യ പ്രധാന പരീക്ഷണമാകും. ശുഭ്മാന്‍ ഗില്‍ എന്ന പുതിയ നായകന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ നാലാമനായി, 123 മത്സരങ്ങളില്‍ നിന്ന് 30 സെഞ്ച്വറികളടക്കം 9230 റണ്‍സുമായാണ് കോലി കളി മതിയാക്കിയത്. 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുകയും 40 വിജയങ്ങള്‍ സമ്മാനിക്കുകയും ചെയ്ത കോലി, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയാണ്. ശാസ്ത്രിയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍, ഇത്രയും വലിയൊരു താരത്തെ കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐക്ക് പിഴവുപറ്റിയോ എന്ന ചോദ്യം ക്രിക്കറ്റ് ലോകത്ത് സജീവമായി തുടരുന്നു.