ചാമ്പ്യന്‍സ് ട്രോഫി, കണ്ണുതള്ളുന്ന സമ്മാനത്തുകകള്‍ പ്രഖ്യാപിച്ച് ഐസിസി
ക്രിക്കറ്റ് ആവേശ ലഹരി നുകരാന്‍ ഒരുങ്ങുകയാണല്ലോ ക്രിക്കറ്റ് ലോകം! അടുത്ത ആഴ്ച പാകിസ്ഥാനില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ആരാധകരെ ക്രിക്കറ്റ് ആവേശത്തില്‍ ആറാടിയ്ക്കും. ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫി വിജയികള്‍ക്കുളള സമ്മാനത്തുകയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്.
ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുന്ന ടീമിന് 19.45 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. 2017-ല്‍ നടന്ന അവസാന ടൂര്‍ണമെന്റില്‍ നിന്ന് സമ്മാനത്തുക 53% വര്‍ദ്ധിപ്പിച്ചതായി ഐസിസി അറിയിച്ചു. മൊത്തം 59.9 കോടിയാണ് ടൂര്‍ണമെന്റിലെ സമ്മാനത്തുക.
റണ്ണേഴ്സ് അപ്പിന് 9.72 കോടിയും സെമി ഫൈനലിലെത്തുന്ന ടീമുകള്‍ക്ക് 5.4 കോടിയും ലഭിക്കും. അഞ്ചും ആറും സ്ഥാനക്കാര്‍ക്ക് 3 കോടിയും ഏഴും എട്ടും സ്ഥാനക്കാര്‍ക്ക് 1.21 കോടിയും ലഭിക്കും. എല്ലാ ടീമുകള്‍ക്കും പങ്കാളിത്തത്തിന് 1.08 കോടി ലഭിക്കും. ഇതിന് പുറമെ, ഓരോ മത്സരത്തിനും ടീമുകള്‍ക്ക് 29 ലക്ഷം വീതം ലഭിക്കും.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി. നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ ഐസിസി റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് മത്സരിക്കുന്നത്. 2017-ന് ശേഷം എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി പുനരാരംഭിക്കുന്നത്.
മുന്‍ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും യോഗ്യത നേടിയില്ല, പകരം അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റിലെത്തി. പാകിസ്ഥാനാണ് വേദി, എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിയിലാണ് നടക്കുക. ഈ മാസം 23-നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.