ചാമ്പ്യന്‍സ് ട്രോഫി: സൂപ്പര്‍ താരം പുറത്ത്, അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചു
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹാഷ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തിലുള്ള ടീമില്‍ റാഷിദ് ഖാന്‍, റഹ്മാനുള്ള ഗുര്‍ബാസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഇടം നേടി.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ ദുബായിലും പാകിസ്ഥാനിലുമായി നടക്കുന്ന ടൂര്‍ണമെന്റിലാണ് അഫ്ഗാനിസ്ഥാന്‍ പങ്കെടുക്കുന്നത്. റഹ്മത്ത് ഷാ ആയിരിക്കും ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇബ്രാഹിം സദ്രാന്‍ ടീമിലേക്ക് തിരിച്ചെത്തിയത് ശ്രദ്ധേയമാണ്.
എന്നാല്‍, പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്തതിനാല്‍ സറ്റാര്‍ സ്പിന്നര്‍ മുജീബ് റഹ്മാന്‍ ടീമില്‍ ഇടം നേടിയില്ല. ടി20യില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മുജീബിനെ ഒഴിവാക്കിയത്. ദര്‍വിഷ് റസൂലി, നംഗ്യാല്‍ ഖരോട്ടി, ബിലാല്‍ സാമി എന്നിവരെ റിസര്‍വ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ഐസിസി ടൂര്‍ണമെന്റുകളിലും (2023 ലോകകപ്പ്, 2024 ടി20 ലോകകപ്പ്) മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാന്‍ ടീം ഈ ടൂര്‍ണമെന്റിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എസിബി ചെയര്‍മാന്‍ മിര്‍വായിസ് അഷ്‌റഫ് പ്രത്യാശ പ്രകടിപ്പിച്ചു.
പാകിസ്ഥാന്‍ ഇതിഹാസ താരം യൂനിസ് ഖാനെ ടീമിന്റെ മെന്ററായി നിയമിച്ചതില്‍ സന്തോഷമുണ്ടെന്നും മിര്‍വായിസ് പറഞ്ഞു. യൂനിസിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
മുജീബ് റഹ്മാന്റെ അഭാവത്തില്‍ ടീമിന് ഒരു നഷ്ടമുണ്ടാകുമെങ്കിലും, പാകിസ്ഥാനിലെയും യുഎഇയിലെയും സാഹചര്യങ്ങളില്‍ കളിക്കാന്‍ ടീം ശീലിച്ചിട്ടുണ്ടെന്ന് എസിബി ഇടക്കാല ചീഫ് സെലക്ടര്‍ അഹമ്മദ് സുലൈമാന്‍ ഖില്‍ പറഞ്ഞു. ടീമില്‍ നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാന്‍ ടീം:
ഹാഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്മത്ത് ഷാ (വൈസ് ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രാം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അറ്റ്ലാല്‍, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, ഗുല്‍ബദിന്‍ നായിബ്, റാഷിദ് ഖാന്‍, എഎം ഗസന്‍ഫര്‍, നൂര്‍ അഹമ്മദ്, ഫസല്‍ ഹഖ് ഫാറൂഖി, നവീദ് സദ്രാന്‍, ഫരീദ് അഹമ്മദ് മാലിക്.
റിസര്‍വ്: ദര്‍വിഷ് റസൂലി, നംഗ്യാല്‍ ഖരോട്ടി, ബിലാല്‍ സാമി.