റാങ്കിംഗില്‍ കോഹ്ലിയെ പിന്തള്ളി പന്തിന്റെ കുതിപ്പ്, ചരിത്ര നേട്ടം
ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ശ്രദ്ധേയമായ മുന്നേറ്റം. ഏറ്റവും പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്തേയ്ക്കാണ് പന്ത് മുന്നേറിയിരിക്കുന്നത്. സഹതാരം വിരാട് കോഹ്ലിയെ പിന്തള്ളിയാണ് പന്തിന്റെ കുതിപ്പ്.
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ ഇരുഇന്നിംഗ്‌സുകളില്‍ നിന്നായി 20ഉം 99ഉം റണ്‍സുകള്‍ നേടിയതിന് പിന്നാലെയാണ് പന്ത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമതെത്തിയത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടെസ്റ്റിലെ ഏറ്റവും മികച്ച റാങ്കാണ് ഇത്. അതെസമയം കോഹ്ലി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. നാലാം സ്ഥാനത്തുളള യശസ്വി ജയ്സ്വാള്‍ ആണ് റാങ്കിംഗില്‍ ഏറ്റവും മുന്നിലുളള ഇന്ത്യന്‍ താരം. ജയ്സ്വാള്‍, പന്ത്, കോഹ്ലി എന്നിവര്‍ മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍.
പാകിസ്ഥാനെതിരെ സെഞ്ച്വറി (114) നേടിയ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തെത്തി. പാകിസ്ഥാന്റെ സല്‍മാന്‍ ആഗ ഈയാഴ്ചയിലെ മികച്ച പ്രകടനക്കാരില്‍ ഒരാളായിരുന്നു. 31 ഉം 63 ഉം റണ്‍സുകള്‍ നേടിയ അദ്ദേഹം എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 14-ാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി. ബാബര്‍ അസം (19), മുഹമ്മദ് റിസ്വാന്‍ (21), സൗദ് ഷക്കീല്‍ (27) എന്നിവരെ പിന്തള്ളി പാകിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടെസ്റ്റ് ബാറ്ററായി സല്‍മാന്‍ മാറി.
ന്യൂസിലാന്‍ഡ് താരങ്ങളും റാങ്കിംഗില്‍ മികച്ച പുരോഗതി കൈവരിച്ചു. ഇന്ത്യയ്ക്കെതിരായ വിജയത്തിന് ശേഷം രച്ചിന്‍ രവീന്ദ്ര 36 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 18-ാം സ്ഥാനത്തെത്തി. ഡെവോണ്‍ കോണ്‍വേ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 36-ാം സ്ഥാനത്തെത്തി. ബൗളര്‍മാരില്‍ മാറ്റ് ഹെന്റി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി.
പാകിസ്ഥാന്റെ സ്പിന്നര്‍ നോമന്‍ അലി 17-ാം സ്ഥാനത്തേക്കും സജിദ് ഖാന്‍ 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 50-ാം സ്ഥാനത്തേക്കും കുതിച്ചു.