പടുകൂറ്റന്‍ ജയവുമായി ന്യൂസിലന്‍ഡ്, ഡബ്യുടിസി പോയന്റ് ടേബിളില്‍ നിര്‍ണ്ണായക മാറ്റം
ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ പടുകൂറ്റന്‍ ജയവുമായി ന്യൂസിലന്‍ഡ്. 423 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ന്യൂസിലന്‍ഡ് നേടിയത്. ഈ മത്സരം വെറ്ററല്‍ പേസര്‍ ടിം സൗത്തിയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയം ന്യൂസിലന്‍ഡിന് ഇരട്ടി മധുരം നല്‍കി.
നേരത്തെ നടന്ന രണ്ടു ടെസ്റ്റുകളും വിജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ 658 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ ന്യൂസിലന്‍ഡ് 234 റണ്‍സില്‍ ഒതുക്കി.
ന്യൂസിലന്‍ഡിന്റെ ബൗളിംഗ് പ്രകടനം എടുത്തു പറയേണ്ടതാണ്. മിച്ചല്‍ സാന്റ്‌നര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ടിം സൗത്തി തന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ നേടി. മാറ്റ് ഹെന്റിയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയില്‍ ജേക്കബ് ബേഥല്‍ 96 പന്തില്‍ 76 റണ്‍സും ജോ റൂട്ട് 54 റണ്‍സും ഗുസ് അറ്റ്കിന്‍സണ്‍ 43 റണ്‍സും നേടി. ആദ്യ ഇന്നിംഗ്‌സില്‍ ഗോള്‍ഡന്‍ ഡക്കായ ഹാരി ബ്രൂക്കിന് രണ്ടാം ഇന്നിംഗ്‌സില്‍ ഒരു റണ്‍ മാത്രമാണ് നേടാനായത്.
ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 14 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും ഏഴ് തോല്‍വിയുമായി 48.21 പോയിന്റ് ശതമാനമാണ് അവര്‍ക്കുള്ളത്. ശ്രീലങ്ക അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരമ്പര നേടിയെങ്കിലും ഇംഗ്ലണ്ട് ആറാം സ്ഥാനത്താണ്. ഓസ്ട്രേലിയ രണ്ടാമതും ദക്ഷിണാഫ്രിക്ക ഒന്നാമതുമാണ്.