കോഹ്ലി ചെയ്തത് പോലെ ചെയ്യൂ, ഫോമിലേക്കെത്താന്‍ ബാബര്‍ അസമിനോട് പോണ്ടിംഗിന്റെ ഉപദേശം
പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ഉപദേശവുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ്. ബാബര്‍ അസം ഫോമിലേക്ക് തിരിച്ചെത്താന്‍ വിരാട് കോഹ്ലിയുടെ മാര്‍ഗം പിന്തുടരാനാണ് റിക്കി പോണ്ടിംഗ് നിര്‍ദേശിക്കുന്നത്.
ബാബര്‍ അടുത്തിടെ മോശം ഫോമിലാണ് കളിക്കുന്നത്, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ശേഷം സെലക്ടര്‍മാര്‍ അദ്ദേഹത്തെ വിശ്രമത്തിലേക്ക് വരെ പാക് ക്രിക്കറ്റ് ബോര്‍ഡ് അയച്ചിരുന്നു.
ടെസ്റ്റുകളില്‍ തുടര്‍ച്ചയായ 18 ഇന്നിംഗ്സുകളില്‍ ബാബറിന് അര്‍ദ്ധ സെഞ്ച്വറി നേടാനായിട്ടില്ല, 2024 ടി20 ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 44 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്.
'പാകിസ്ഥാന് ബാബറിനെ ഫോമിലേക്ക് തിരികെ കൊണ്ടുവരണം. വിരാട് കോഹ്ലിയുടെ കാര്യത്തിലെന്നപോലെ, ചിലപ്പോള്‍ കുറച്ചുനാള്‍ കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഗുണം ചെയ്യും. ബാബറിനും ഇത് ആവശ്യമായി വന്നേക്കാം. അമിതമായി ശ്രമിക്കുന്നത് അവസാനിപ്പിച്ച് കുറച്ചുനാള്‍ വിശ്രമിക്കുന്നത് നല്ലതാണ്. ക്രിക്കറ്റ് സാമഗ്രികള്‍ കുറച്ചുനാള്‍ മാറ്റിവെച്ച് മറ്റെന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഊര്‍ജ്ജസ്വലതയോടെ തിരിച്ചുവരുക. മികച്ച ഫോമിലുള്ള ബാബര്‍ ആരെയും പോലെ മികച്ചവനാണ്,' പോണ്ടിംഗ് പറഞ്ഞു.
നവംബര്‍ 8 ന് അഡ്ലെയ്ഡില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബാബര്‍ ആഗ്രഹിക്കും. ആദ്യ ഏകദിനത്തില്‍ രണ്ട് വിക്കറ്റിന് പരാജയപ്പെട്ട പാകിസ്ഥാനും തിരിച്ചുവരവിനായി ശ്രമിക്കും.