അവനില്ലെങ്കില്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയ സാധ്യത 30% കുറയും, തുറന്നടിച്ച് ഇന്ത്യന്‍ കോച്ച്
സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്ക് മൂലം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനായില്ലെങ്കില്‍ ഇന്ത്യയുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും കളിക്കാരനുമായ രവി ശാസ്ത്രിയുടെ വിലയിരുത്തല്‍. ബുംറ കളിച്ചില്ലങ്കില്‍ ഇന്ത്യയുടെ വിജയസാധ്യത 30 ശതമാനം വരെ കുറഞ്ഞേക്കാമെന്നാണ് ശാസ്ത്രിയുടെ വിലയിരുത്തല്‍.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മത്സരത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. ബുംറയുടെ ഫിറ്റ്നെസ് സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.
'ഇത് വലിയ അപകടമാണ്. ബുംറയുടെ കരിയറിലെ പ്രധാന സമയമാണിത്. ചെറിയ മത്സരങ്ങള്‍ക്ക് വേണ്ടി വലിയ ടൂര്‍ണമെന്റുകള്‍ നഷ്ടപ്പെടുത്തുന്നത് ശരിയല്ല' ശാസ്ത്രി പറഞ്ഞു.
'ബുംറ കളത്തിലിറങ്ങിയാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ ഉയരും. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്ന താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സമയം വേണ്ടിവരും. ബുംറയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാകും' ശാസ്ത്രി പറയുന്നു.
'ബുറ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍, ഇന്ത്യയുടെ സാധ്യത 30% വരെ കുറയും. പൂര്‍ണ ഫിറ്റ്നെസ്സോടെ ബുംറ കളിക്കുമ്പോള്‍ ഡെത്ത് ഓവറുകളില്‍ അത് ടീമിന് ഗുണം ചെയ്യും' ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.