24ാം വയസ്സില്‍ രഞ്ജി നിര്‍ത്തിയ കോഹ്ലി അറിയാന്, 40ാം വയസ്സിലും സച്ചിന്‍ അവിടെ കളിച്ചിരുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോറ്റ് തുടങ്ങുമ്പോഴും വേണ്ടത്ര പരിശീലനമോ മുന്നൊരുക്കങ്ങളോ നടത്താത്ത സൂപ്പര്‍ താരങ്ങളുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ 40ാം വയസ്സില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച ചരിത്രമുളളപ്പോള്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും എന്തുകൊണ്ട് രഞ്ജി കളിക്കുന്ന എന്ന ചോദ്യമാണ് ഉയരുന്നത്.
ദീര്‍ഘകാലമായി ഇരുവര്‍ക്കും ടെസ്റ്റ് ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാതെ പോവുകയും, ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തോറ്റതില്‍ ഇവരുടെ മോശം പ്രകടനം നിര്‍ണായകമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുവരും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം ഉയരുന്നത്.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ച 2013ല്‍പ്പോലും രഞ്ജി ട്രോഫി കളിച്ചിരുന്നു. അതായത് 40ാം വയസ്സിലും ഇന്ത്യയ്ക്കായി കളിക്കുന്നതിനൊപ്പം തന്നെ ആഭ്യന്തര ക്രിക്കറ്റിലും സാന്നിധ്യമറിയിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. വിരാട് കോഹ്ലിയാകട്ടെ, ഏറ്റവും ഒടുവില്‍ രഞ്ജി ട്രോഫിയില്‍ കളിച്ചത് 2012ലാണ്. ഒരു പതിറ്റാണ്ടിലധികം മുന്‍പ് വിരമിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറിനേക്കാള്‍ മുന്‍പാണിതെന്ന് ഓര്‍ക്കണം. ഇത് അഭ്യന്തര ക്രിക്കറ്റിനോട് കോഹ്ലിയുടെ മനോഭാവമാണ് സൂചിപ്പിക്കുന്നതെന്നാണ് വിമര്‍ശനം.
ഇന്ത്യന്‍ ടീം നായകന്‍ കൂടിയായ രോഹിത് ശര്‍മയുടേയും കഥ വ്യത്യസ്്തമല്ല ഏറ്റവും ഒടുവില്‍ രഞ്ജി ട്രോഫിയില്‍ കളിച്ചത് 2015-16 സീസണിലാണ് രോഹിത്ത് രഞ്ജി കളിച്ചത്. സ്പിന്നിനെതിരെ കളിക്കാന്‍ ഇരുവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍, ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാനും മികവു വീണ്ടെടുക്കാനും ശ്രമമുണ്ടാകണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയും ആവശ്യപ്പെട്ടു.
''സ്പിന്നിനെതിരെ എപ്രകാരം കളിക്കണമെന്ന കാര്യം നാം മറന്നുപോയിരിക്കുന്നു. സ്പിന്നര്‍മാര്‍ നമ്മുടെ നാട്ടില്‍ വിജയങ്ങള്‍ വെട്ടിപ്പിടിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെങ്കില്‍, അവരെ എപ്രകാരം നേരിടണമെന്ന കാര്യത്തില്‍ ബാറ്റര്‍മാര്‍ക്കും കൃത്യമായ ധാരണ വേണം. നമ്മുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനായി തിരിച്ചെത്തുന്നത് നമുക്ക് എന്നാണ് കാണാനാകുക?' സുനില്‍ ജോഷി ചോദിച്ചു.