എന്തുകൊണ്ട് വിഘ്‌നേഷ് പുറത്തായി, കാരണമിതാണ്
ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ ഇംപാക്ട് പ്ലെയറായി ഇറങ്ങി മൂന്ന് വിക്കറ്റുകളുമായി തിളങ്ങിയ പെരിന്തല്‍മണ്ണക്കാരന്‍ വിഘ്‌നേഷ് പുത്തൂരിനെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രണ്ടാം മത്സരത്തില്‍ കളിപ്പിക്കാതിരുന്നത് ആരാധകരെ അത്ഭുതപ്പെടുത്തി. മുംബൈ ഇന്ത്യന്‍സിന്റെ തന്ത്രപരമായ നീക്കമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നാലോവറില്‍ 32 റണ്‍സ് മാത്രം വിട്ടുനല്‍കി ഋതുരാജ് ഗെയ്ക്വാദ് ഉള്‍പ്പെടെ മൂന്ന് പ്രധാനപ്പെട്ട വിക്കറ്റുകളാണ് വിഘ്‌നേഷ് പിഴുതത്. എന്നാല്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ റിസര്‍വ് താരമായി പോലും വിഘ്‌നേഷിനെ പരിഗണിച്ചില്ല.
കഴിഞ്ഞ സീസണിലെ വിലക്ക് കഴിഞ്ഞ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെയാണ മുംബൈ ടീമിന്റെ തന്ത്രങ്ങള്‍ മാറിമറിഞ്ഞത്. ടീമിന്റെ ബാറ്റിംഗ്, ബൗളിംഗ് നിരകളില്‍ സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായി. ഇതിന്റെ ഭാഗമായാണ് വിഘ്‌നേഷിനെ പുറത്തിരുത്തിയത്. അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാനെ ടീമിലെടുക്കുകയും ചെയ്തു.
യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. അതിനാല്‍തന്നെ വിഘ്‌നേഷിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കാം. താരത്തിന്റെ വളര്‍ച്ചയെയും കഴിവുകളെയും മുംബൈ ഇന്ത്യന്‍സ് വിലമതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിഘ്‌നേഷിന് ഇനിയും അവസരങ്ങള്‍ ലഭിക്കാനാണ് സാധ്യത.