ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; ഫീല്‍ഡറുടെ ഏറില്‍ ഇമാമിന്റെ തലതകര്‍ന്നു, ആംബുലന്‍സില്‍ മൈതാനം വിട്ടു
മൗണ്ട് മൗംഗാനുയി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ പാകിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. പാക്് ബാറ്റിംഗിനിടെ മത്സരത്തിന്റെ മൂന്നാം ഓവറിലാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്. ഇമാം സിംഗിള്‍ നേടിയ ശേഷം ഫീല്‍ഡര്‍ ബൗളര്‍ എന്‍ഡിലേക്ക് എറിഞ്ഞ പന്ത് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ഹെല്‍മെറ്റില്‍ ശക്തമായി പതിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇമാം തല്‍ക്ഷണം നിലത്തേക്ക് വീണു. വേദന കൊണ്ട് പുളഞ്ഞ താരത്തെ ഉടന്‍ തന്നെ സഹതാരങ്ങളും ടീം ഫിസിയോയും ചേര്‍ന്ന് ശുശ്രൂഷിച്ചു. ഗുരുതരമായ അവസ്ഥ മനസ്സിലാക്കിയ ഉടന്‍ തന്നെ അദ്ദേഹത്തെ സ്‌ട്രെച്ചറിലോ വീല്‍ചെയറിലോ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു ബഗ്ഗി ആംബുലന്‍സില്‍ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സ്റ്റേഡിയത്തിലെ കാണികളെയും ടിവിയില്‍ മത്സരം കണ്ടുകൊണ്ടിരുന്നവരേയും ഒരുപോലെ ഞെട്ടിച്ചു.
ഇമാമിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന് തുടര്‍ന്ന് കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഒരുപക്ഷേ, ഈ മത്സരത്തില്‍ നിന്ന് മാത്രമല്ല, വരാനിരിക്കുന്ന മത്സരങ്ങളില്‍ നിന്നും അദ്ദേഹത്തിന് വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. നിയമങ്ങള്‍ അനുസരിച്ച്, തലയ്ക്ക് പരിക്കേറ്റ ഒരു കളിക്കാരന് പകരം മറ്റൊരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പാകിസ്ഥാന്‍ ടീമിന് സാധിക്കും.
മത്സരത്തിലേക്ക് വന്നാല്‍, ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 42 ഓവറില്‍ 264 റണ്‍സാണ് നേടിയത്. കന്നി മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടിയ റൈസ് മാരിയുവും, ഡാരില്‍ മിച്ചലും, ക്യാപ്റ്റന്‍ മൈക്കിള്‍ ബ്രേസ്വെല്ലും മികച്ച പ്രകടനം കാഴ്ചവെച്ചു. പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല.
പരമ്പരയില്‍ ഇതിനോടകം 2-0ന് പിന്നില്‍ നില്‍ക്കുന്ന പാകിസ്ഥാന് ഈ മത്സരം നിര്‍ണായകമാണ്. എന്നാല്‍, ഇമാമിന്റെ പരിക്ക് ടീമിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. അദ്ദേഹത്തിന്റെ അഭാവം ബാറ്റിംഗ് നിരയില്‍ വലിയ വിടവ് സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.