കളിയില്‍ ഒരിക്കലും പാടില്ലാത്തത് സംഭവിച്ചു, പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞതിങ്ങനെ
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ റിഷഭ് പന്ത് വളരെ നിരാശാജനകമായ രീതിയിലാണ് പുറത്തായത്. മെല്‍ബണില്‍ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ പന്ത് കൂടാരം കയറി. 37 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ പന്തിനെ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ നഥാന്‍ ലിയോണ്‍ ക്യാച്ച് ചെയ്‌തെടുക്കുകയായിരുന്നു. എന്നാല്‍ പന്ത് പുറത്തായ രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ഈ സാഹചര്യത്തില്‍ റിഷഭ് പന്തിന്റെ ബാറ്റിംഗ് പ്രകടനത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. തുടക്കത്തില്‍ റിഷഭ് പന്ത് മികച്ച രീതിയില്‍ ബാറ്റിംഗ് ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് മോശം ഷോട്ട് കളിച്ച് പുറത്താവുകയായിരുന്നു.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 56-ാം ഓവറിലെ നാലാം പന്തിലാണ് പന്ത് പുറത്തായത്. പുറത്താകുന്നതിന് തൊട്ടുമുമ്പ് സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ തന്റെ സിഗ്‌നേച്ചര്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും ടൈമിംഗ് തെറ്റി പന്ത് റിഷഭിന്റെ വയറില്‍ കൊണ്ടു. ഇതോടെ റിഷഭ് നിലത്തുവീണു.
ഇതോടെ ഈഗോ ഹര്‍ട്ട് ആയ റിഷഭ് പിന്നാലെ അടുത്ത പന്തില്‍ വീണ്ടും ഇതേ ഷോട്ടിന് ശ്രമിക്കുകയായിരുന്നു. ഇതോടെ പന്ത് എഡ്ജായി തേര്‍ഡ്മാനിലേക്ക് പറന്നു. അവിടെ നഥാന്‍ ലിയോണുണ്ടായിരുന്നു. ലിയോണ്‍ അനായാസ ക്യാച്ചിലൂടെ നഥാന്‍ ലിയോണ്‍ പന്തിനെ പിടിച്ച് പുറത്താക്കി. അനാവശ്യമായ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ പന്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. പന്തിന്റെ ഈഗോയാണ് വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നു.