ഇന്ത്യ എ ടീം പന്ത് ചുരുണ്ടല്‍ വിവാദത്തില്‍, ഇഷാന്‍ കിഷനെതിരെ കടുത്ത നടപടി വരുന്നു
മക്കായിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് അരീനയില്‍ നടന്ന ഇന്ത്യ എ-ഓസ്‌ട്രേലിയ എ അനൗദ്യോഗിക ടെസ്റ്റിന്റെ നാലാം ദിനം തുടങ്ങിയത് വലിയ വിവാദത്തോടെ. ഇന്ത്യ എയ്‌ക്കെതിരെ പന്ത് തിരിമറിക്കുള്ള ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ ഇന്ത്യ എ ഉപയോഗിച്ചിരുന്ന പന്ത് മാറ്റി.
ഓസ്‌ട്രേലിയ എക്ക് വിജയിക്കാന്‍ 86 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഞായറാഴ്ച കളി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ഇന്ത്യ എ താരങ്ങള്‍ അമ്പയര്‍ ഷോണ്‍ ക്രെയ്ഗിനോട് പുതിയ പന്തിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത് കാണാമായിരുന്നു. 'നിങ്ങള്‍ പന്ത് സ്‌ക്രാച്ച് ചെയ്യുമ്പോള്‍, ഞങ്ങള്‍ പന്ത് മാറ്റും. കൂടുതല്‍ ചര്‍ച്ച വേണ്ട, നമുക്ക് കളിക്കാം' എന്നായിരുന്നു ക്രെയ്ഗ് മറുപടി പറഞ്ഞത്. സ്റ്റമ്പ് മൈക്രോഫോണ്‍ ആണ് ഇത് ഒപ്പിയെടുത്തത്.
ഇന്ത്യന്‍ താരങ്ങള്‍ പിന്നേയും വാദിക്കാന്‍ ശ്രമിച്ചപ്പോള്‍, ക്രെയ്ഗ് തുറന്നടിച്ചു'കൂടുതല്‍ ചര്‍ച്ച വേണ്ട; നമുക്ക് കളിക്കാം. ഇത് ഒരു ചര്‍ച്ചയല്ല'. പുതിയ പന്ത് ഉപയോഗിച്ച് കളി തുടരുമോ എന്ന് ഇന്ത്യന്‍ താരങ്ങള്‍ ചോദിച്ചപ്പോള്‍, അമ്പയര്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു: 'നിങ്ങള്‍ ആ പന്ത് ഉപയോഗിച്ച് കളിക്കുകയാണ്'
എഎപിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അമ്പയര്‍ ക്രെയ്ഗിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന് ഇന്ത്യ എ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെതിരെ നടപടിയുണ്ടായേക്കും. ഇതൊരു 'വളരെ മണ്ടത്തരമായ തീരുമാനമാണ്' എന്നാണ് കിഷന്‍ അമ്പയറുടെ തീരുമാനത്തിനെതിരെ ഉച്ചത്തില്‍ പറഞ്ഞത്.
'നിങ്ങളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യപ്പെടും. ഇത് അനുചിതമായ പെരുമാറ്റമാണ്. നിങ്ങളുടെ (ടീമിന്റെ) പ്രവൃത്തികള്‍ കാരണമാണ് ഞങ്ങള്‍ പന്ത് മാറ്റിയത്,' അമ്പയറുടെ മറുപടി ഇപ്രകാരമായിരുന്നു.
2023 നവംബറിന് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാത്ത കിഷന്‍ ഒരു വര്‍ഷത്തിനുശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു ഇതിനിടെയാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കിഷനെതിരെ നടപടിയെടുക്കുമെങ്കിലും, പന്ത് തിരിമറി നടത്തിയതായി ആരോപിക്കപ്പെടുന്നത് ആരെയാണെന്ന് ഇതുവരെ വ്യക്തമല്ല. വിക്ടോറിയയുടെ മുന്‍ താരമായ ക്രെയ്ഗ് 50-ലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ അമ്പയറിംഗ് നടത്തിയിട്ടുണ്ട്, കൂടാതെ 2019 മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളിലും അമ്പയറായിട്ടുണ്ട്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച്, ഇന്ത്യ എ മനഃപൂര്‍വ്വം പന്തിന്റെ അവസ്ഥ മാറ്റിയതായി കണ്ടെത്തിയാല്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാര്‍ക്ക് വിലക്ക് ലഭിച്ചേക്കാം. 'നിയമം 41.3.2 പ്രകാരം പ്രത്യേകമായി അനുവദനീയമല്ലാത്ത, പന്തിന്റെ അവസ്ഥ മാറ്റാന്‍ സാധ്യതയുള്ള ഏതൊരു പ്രവൃത്തിയും അന്യായമായി കണക്കാക്കാം,' പെരുമാറ്റച്ചട്ടം പറയുന്നു.
അതെസമയം മത്സരത്തില്‍ ക്യാപ്റ്റന്‍ നഥാന്‍ മക്‌സ്വീനിയുടെ 178 പന്തില്‍ നിന്നുള്ള 88 റണ്‍സിന്റെ നേതൃത്വത്തില്‍, ഓസ്‌ട്രേലിയ എ ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ 224 റണ്‍സ് വിജയലക്ഷ്യം മറികടന്നു.
നേരത്തെ, ആതിഥേയര്‍ക്ക് 85 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ശേഷം ഇന്ത്യ എ രണ്ടാം ഇന്നിംഗ്‌സില്‍ 312 റണ്‍സെടുത്തിരുന്നു. സായ് സുധര്‍ശന്‍ (103) തന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 88 റണ്‍സെടുത്തു. എന്നാല്‍ പിന്നീട് ഇന്ത്യയുടെമധ്യനിരയുടേയും വലറ്റത്തിന്റേയും തകര്‍ച്ച ഇന്ത്യ എയുടെ ഇന്നിംഗ്‌സിന് തിരിച്ചടിയായി