അവസാന ഓവര്‍ ഹീറോയിസം, പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ, 2024ല്‍ സമ്പൂര്‍ണ്ണ ജയം
ഏമേജിംഗ് ഏഷ്യ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ എ ടീം. അവസാന ഓവര്‍ വരെ ആവേശകരമായ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ എ പാകിസ്ഥാന്‍ ഷഹീന്‍സിനെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ്് എടുക്കാനായുള്ളു.
അല്‍ അമേറാത്തില്‍ നടന്ന മത്സരത്തില്‍ മികച്ച ഫോമിലുള്ള ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കാംബോജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് അന്‍ഷുല്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തത്. റാസിക്ക് സലാമും നിഷാന്ത് സിന്‍ഡുവും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
അന്‍ഷുല്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് ആയിരുന്നു പാകിസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ ഒന്‍പത്് റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. ഇതോടെ ഏഴ് റണ്‍സിന്റെ അവിശ്വസനീയമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
പാകിസ്ഥാനായി 41 റണ്‍സ് നേടിയ അറഫാത്ത് മിന്‍ഹാസ് ആണ് ടോപ് സ്‌കോററായത്. യാസര്‍ ഖാന്‍ 33ഉം ക്വാസിം അക്രം 27ഉം അബ്ദുല്‍ സമദ് 25 റണ്‍സും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചു. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ, പ്രഭ്സിമ്രാന്‍ സിംഗ്, നെഹാല്‍ വധേര എന്നിവരും ഇന്ത്യക്കായി തിളങ്ങി.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും പ്രഭ്സിമ്രാന്‍ സിംഗും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സ് നേടി. പവര്‍ പ്ലേക്ക് പിന്നാലെ 22 പന്തില്‍ 35 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ മടക്കി സൂഫിയാന്‍ മുഖീം പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. തൊട്ട് പിന്നാലെ പ്രഭ്സിമ്രാനെ(19 പന്തില്‍ 36) അറാഫത്ത് മിന്‍ഹാസ് വീഴ്ത്തി. ക്യാപ്റ്റന്‍ തിലക് വര്‍മയും നെഹാല്‍ വധേരയും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി.പതിനാലാം ഓവറില്‍ സ്‌കോര്‍ 113ല്‍ നില്‍ക്കെ നെഹാല്‍ വധേര(22 പന്തില്‍ 25) വീണു. സൂഫിയാന്‍ മുഖീമിന് തന്നെയായിരുന്നു വിക്കറ്റ്.പിന്നാലെ ആയുഷ് ബദോനിയും(2) നിരാശപ്പെടുത്തി മടങ്ങി.
എന്നാല്‍ ഒരറ്റത്ത് ഉറച്ചു നിന്ന തിലക് വര്‍മ ഇന്ത്യയെ 150 കടത്തി. പത്തൊമ്പതാം ഓവറില്‍ തിലക് വര്‍മ(35 പന്തില്‍ 44) പുറത്തായെങ്കിലും രമണ്‍ദീപ് സിംഗും(11 പന്തില്‍ 17), നിഷാന്ത് സന്ധുവും(3 പന്തില്‍ 6), റാസിക് ദര്‍ സലാമും(1 പന്തില്‍ 6*) ചേര്‍ന്ന് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു.
പാകിസ്ഥാന്‍ എ പ്ലേയിംഗ് ഇലവന്‍: ഹൈദര്‍ അലി, മുഹമ്മദ് ഹാരിസ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), യാസിര്‍ ഖാന്‍, ഒമൈര്‍ യൂസഫ്, ഖാസിം അക്രം, അബ്ദുള്‍ സമദ്, അറഫാത്ത് മിന്‍ഹാസ്, അബ്ബാസ് അഫ്രീദി, മുഹമ്മദ് ഇമ്രാന്‍, സമാന്‍ ഖാന്‍, സൂഫിയാന്‍ മുക്കീം.
ഇന്ത്യ എ പ്ലേയിംഗ് ഇലവന്‍: അഭിഷേക് ശര്‍മ്മ, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), രമണ്‍ദീപ് സിംഗ്, അന്‍ഷുല്‍ കാംബോജ്, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), ആയുഷ് ബദോണി, നെഹാല്‍ വധേര, നിശാന്ത് സിന്ധു, രാഹുല്‍ ചാഹര്‍, റാസിഖ് ദാര്‍ സലാം, വൈഭവ് അറോറ.