ഓസീസ് ബാറ്റർമാർ ചായക്ക് മുൻപ് പവലിയൻ കയറും; നിരാശ പരസ്യമാക്കി ഓസീസ് ഇതിഹാസം
ബ്രിസ്ബേൻ: ഡിസംബർ 14 ന് ഗബ്ബയിൽ ആരംഭിച്ച മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്നത് ഇന്ത്യയോ ഓസ്ട്രേലിയയോ ആരായാലും ചായയ്ക്ക് മുമ്പ് പുറത്താകുമെന്ന് മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ഡാമിയൻ ഫ്ലെമിംഗ്. ആദ്യ രണ്ട് ടെസ്റ്റുകളിലും ഇരു ടീമുകളുടെയും ബാറ്റിംഗ് പ്രകടനം തൃപ്തികരമല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
റോഹിത് ശർമ്മ, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ ഫോമില്ലായ്മയിലേക്കാണ് ഫ്ലെമിംഗ് വിരൽ ചൂണ്ടുന്നത്.
"ആദ്യ ഇന്നിംഗ്സിൽ ഇരു ടീമുകളിലും എനിക്ക് ആത്മവിശ്വാസമില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്നത് ആരായാലും പ്രശ്നമല്ല. അവരുടെ സമീപകാല ഫോം കണക്കിലെടുക്കുമ്പോൾ, ഇന്ത്യയും ഓസ്ട്രേലിയയും ചായയ്ക്ക് മുമ്പ് പുറത്താകുമെന്ന് തോന്നുന്നു. ഇരു ടീമുകളിലെയും ബാറ്റർമാർ സാധാരണയിലും താഴ്ന്ന നിലവാരത്തിലായിരുന്നു," അദ്ദേഹം theroar.com.au-നു വേണ്ടി എഴുതിയ കോളത്തിൽ പറഞ്ഞു.
Advertisement
പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഏക ഇന്നിംഗ്സിൽ ട്രാവിസ് ഹെഡ് 141 പന്തിൽ നിന്ന് 140 റൺസും, മാർനസ് ലബുഷെയ്ൻ 64 റൺസും നേടിയിരുന്നു. ഇരുടീമുകളിലെയും ബാക്കിയുള്ള ബാറ്റർമാർക്ക് കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല.
പെർത്തിലും അഡ്‌ലെയ്ഡിലുമായി സ്മിത്ത് തന്റെ മൂന്ന് ഇന്നിംഗ്സുകളിൽ 0, 17, 2 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. അതേസമയം, ഖവാജ നാല് ഇന്നിംഗ്സുകളിൽ നിന്ന് 8, 4, 13, 9* എന്നിങ്ങനെയാണ് നേടിയത്. മറുവശത്ത്, റോഹിത് 3 ഉം 6 ഉം റൺസ് നേടിയ ശേഷം പുറത്തായി.
വലംകൈയ്യൻ ബാറ്ററായ റോഹിത് തന്റെ അവസാന ആറ് റെഡ്-ബോൾ മത്സരങ്ങളിൽ നിന്ന് 11.83 ശരാശരിയിൽ 142 റൺസ് മാത്രമാണ് നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ വിരാട് കോഹ്‌ലി 143 പന്തിൽ നിന്ന് 100 റൺസ് നേടി, എന്നാൽ അദ്ദേഹത്തിന്റെ മറ്റ് മൂന്ന് ഇന്നിംഗ്സുകളും മോശമായിരുന്നു. കോഹ്‌ലി 5, 7, 11 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്.
ആദ്യ ടെസ്റ്റിലെ ജയ്‌സ്വാൾ, രാഹുൽ, കോഹ്ലി എന്നിവരുടെ പ്രകടനവും, രണ്ടാം ടെസ്റ്റിലെ ട്രാവിസ് ഹെഡ്, ലബുഷെയ്ൻ എന്നിവരുടെ പ്രകടനവും മാത്രമാണ് പരമ്പരയിൽ ഇതുവരെ എടുത്തുപറയാനുള്ളത്.
ഫ്ലെമിംഗിന്റെ പ്രവചനം യാഥാർത്ഥ്യമാകുമോ?
നിർണായകമായ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ഓസീസിനെ ബാറ്റിങ്ങിന് അയച്ച രോഹിത് ശർമ്മ ഫ്ലെമിങ്ങിന്റെ പ്രവചനം സത്യമാവാൻ ആഗ്രഹിക്കും. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ബാറ്റിംഗ് നിരയിലെ പ്രകടനം മോശമാണെന്നത് ശരിയാണ്. എന്നാൽ, മഴമൂടി നിൽക്കുന്ന ഗാബ്ബയിൽ ഭേദപ്പെട്ട തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിചിരിക്കുന്നത്.