For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

കടുവകള്‍ ഇനി ഇന്ത്യയിലേക്ക് വരില്ല, ക്ലീന്‍ സ്വീപ്പ്, നാണംകെടുത്തി സഞ്ജുവും പിള്ളേരും

11:18 PM Oct 12, 2024 IST | admin
UpdateAt: 11:18 PM Oct 12, 2024 IST
കടുവകള്‍ ഇനി ഇന്ത്യയിലേക്ക് വരില്ല  ക്ലീന്‍ സ്വീപ്പ്  നാണംകെടുത്തി സഞ്ജുവും പിള്ളേരും

ഹൈദരാബാദില്‍ നടന്ന മൂന്നാം ടി20യില്‍ 133 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് എന്ന മല സ്‌കോര്‍ പടുത്തുയര്‍ത്തി. സഞ്ജു സാംസണിന്റെ (47 പന്തില്‍ 111) അതിശയിപ്പിക്കുന്ന സെഞ്ച്വറിയും സൂര്യകുമാര്‍ യാദവിന്റെ (35 പന്തില്‍ 75) പൊരുത്തുക്കേടില്ലാത്ത ഇന്നിംഗ്‌സുമാണ് ഇന്ത്യയെ ഈ റെക്കോര്‍ഡ് സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 7 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. രവി ബിഷ്‌ണോയ് ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. 42 പന്തില്‍ 63 റണ്‍സെടുത്ത തൗഹിദ് ഹൃദോയ് ആയിരുന്നു ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 42 റണ്‍സെടുത്ത ലിറ്റണ്‍ ദാസും മികച്ച പ്രകടനം കാഴ്ചവച്ചു.

Advertisement

ആദ്യ പന്തില്‍ തന്നെ പര്‍വേസ് ഹുസൈന്‍ ഇമോന്‍ (0) പുറത്തായത് ബംഗ്ലാദേശിന് ആദ്യ തിരിച്ചടിയായി. തന്‍സിദ് ഹസന്‍ (15), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (14) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതോടെ മൂന്നിന് 59 എന്ന നിലയിലായി ബംഗ്ലാദേശ്. പിന്നീട് ലിറ്റണ്‍ ദാസ് - തൗഹിദ് ഹൃദോയ് സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലിറ്റണെ പുറത്താക്കി രവി ബിഷ്‌ണോയ് ഇന്ത്യക്ക് പ്രധാന ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് അവസാന ടി20 കളിക്കുന്ന മുഹമ്മദുള്ളയെ (8) മായങ്ക് മടക്കി.

ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീട് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് സാക്ഷ്യം വഹിച്ചു. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ ആക്രമിച്ച സഞ്ജു റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ പായിച്ചു. സൂര്യക്കൊപ്പം 173 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജുവിന് സാധിച്ചു. എട്ട് സിക്‌സും 11 ഫോറും നേടിയ സഞ്ജു മുസ്തഫിസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. വൈകാതെ സൂര്യയും പുറത്തായി. അഞ്ച് സിക്‌സും എട്ട് ഫോറും സൂര്യ നേടി.

Advertisement

തുടര്‍ന്ന് റിയാന്‍ പരാഗ് (13 പന്തില്‍ 34), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47) സഖ്യം സ്‌കോര്‍ 300ന് അടുത്തെത്തിച്ചു. ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ ഇരുവരും പുറത്തായി. നിതീഷ് റെഡ്ഡി (0) ആണ് പുറത്തായ മറ്റൊരു താരം. റിങ്കു സിംഗ് (8), വാഷിംഗ്ടണ്‍ സുന്ദര്‍ (1) എന്നിവര്‍ പുറത്താകാതെ നിന്നു.

Advertisement
Advertisement