വ്യത്യാസം സഞ്ജു മാത്രം, ദക്ഷിണാഫ്രിക്ക കൂറ്റന്‍ തോല്‍വിയ്ക്കിരയായത് അവരുടെ പറുതീസയില്‍
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ അനായാസം തകര്‍ത്തു. ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയുടെ പറുതീസയില്‍ 61 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മലയാളി താരം സഞ്ജു സാംസണിന്റെ (107) മിന്നും സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 17.5 ഓവറില്‍ 141 റണ്‍സിന് എറിഞ്ഞിട്ടു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി സഞ്ജുവാണ് ഒറ്റയാള്‍ പോരാട്ടം നടത്തിയത്. 50 പന്തില്‍ 10 സിക്‌സും 7 ഫോറും സഹിതം 107 റണ്‍സ് നേടിയ സഞ്ജു, ടി20യില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ ആയിരുന്നു സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി.
സൂര്യകുമാര്‍ യാദവുമായി (33) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 76 റണ്‍സും, തിലക് വര്‍മയുമായി (18) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 77 റണ്‍സും സഞ്ജു കൂട്ടിച്ചേര്‍ത്തു.
203 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം (8) ആദ്യ ഓവറില്‍ തന്നെ പുറത്തായി. ഹെന്റിച്ച് ക്ലാസന്‍ (25) ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി 3 വിക്കറ്റും രവി ബിഷ്‌ണോയ് 3 വിക്കറ്റും ആവേഷ് ഖാന്‍ 2 വിക്കറ്റും സ്വന്തമാക്കി.
ഈ ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും
മത്സരത്തിലെ മുഖ്യ ആകര്‍ഷണങ്ങള്‍:
സഞ്ജു സാംസണിന്റെ തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ചുറി
ടി20യില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡ് സഞ്ജു സ്വന്തമാക്കി
ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികച്ച പ്രകടനം
ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് തകര്‍ച്ച