കിവീസ് സ്പിന്നര്‍മാരെ അടിച്ചോടിക്കണം, 35 ബൗളര്‍മാരെ വിളിച്ച് വരുത്തി ടീം ഇന്ത്യ
വാംഖഡെയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം ഒരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. സ്പിന്‍ പിച്ചില്‍ പരിശീലിക്കുന്നതിനായി 35 നെറ്റ് ബൗളര്‍മാരെ ടീം മാനേജ്‌മെന്റ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്പിന്നര്‍മാരാണ് എന്നതാണ് രസകരം.
രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വലച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. പൂനെയില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തിയ സാന്റ്‌നര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തിരുന്നു.
വാംഖഡെ പരമ്പരാഗതമായി സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ്. ഇവിടെ ആര്‍. അശ്വിന്‍ മികച്ച റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. 5 മത്സരങ്ങളില്‍ നിന്ന് 38 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും ഇവിടെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ന്യൂസിലന്‍ഡിനെതിരെ പരമ്പര നഷ്ടപ്പെട്ട് കഴിഞ്ഞെങ്കിലും മൂന്നാം ടെസ്റ്റ് മത്സരവും ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്. ലോക ടെസ്റ്റ് ചാമ്പന്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഈ മത്സരം ഇന്ത്യയ്ക്ക് ജയിച്ചേ തീരു.
മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം ഇതാ: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, അക്‌സര്‍ പട്ടേല്‍, ധ്രുവ് ജുറെല്‍, കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.