സ്റ്റാർക്ക് തീയായി, നിരാശപ്പെടുത്തി രോഹിതും സംഘവും; ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ശോകമായി അവസാനിച്ചു
ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 180 റൺസിന് അവസാനിച്ചു. മിച്ചൽ സ്റ്റാർക്കിന്റെ ആറ് വിക്കറ്റ് പ്രകടനത്തിന് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ പുറത്താക്കിയ സ്റ്റാർക്ക് ഇന്ത്യൻ ബാറ്റിംഗ് നിരയെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം തന്നെ മോശമായിരുന്നു. ജയ്‌സ്വാൾ ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ മിച്ചൽ സ്റ്റാർക്കിന് വിക്കറ്റ് നൽകി മടങ്ങി.. തുടർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ കെഎൽ രാഹുലും, ശുഭ്മാൻ ഗില്ലും ഇന്ത്യയെ കരകയറ്റി എന്ന് തോന്നിപ്പിച്ചു. എന്നാൽ കെഎൽ രാഹുൽ ടീം സ്‌കോർ 69ൽ നിൽക്കെ 37 റൺസെടുത്ത പുറത്തായതോടെ മത്സരത്തിന്റെ ഗതി മാറി. പിന്നാലെ വിരാട് കോഹ്‌ലിയും (7), ശുഭ്മാൻ ഗിലും (31) പുറത്തായി.
ഇതോടെ ഒരു ഘട്ടത്തിൽ 69/1 എന്ന നിലയിൽ നിന്ന് ഇന്ത്യൻ ഇന്നിംഗ്സ് 81/4 എന്ന നിലയിലേക്ക് കൂപ്പുകുത്തി. നായകൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും നിരാശപ്പെടുത്തി. രോഹിത് 3 റൺസിനും കോഹ്‌ലി 7 റൺസിനും പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. തുടർന്ന് വന്ന ബാറ്റർമാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഋഷഭ് പന്ത് 21 റൺസ് നേടിയപ്പോൾ, നിതീഷ് കുമാർ റെഡ്ഡി 42 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോറർ ആയി. റെഡിക്ക് മികച്ച പിന്തുണ നൽകിയ അശ്വിൻ 22 പന്തിൽ നിന്നും 22 റൺസ് നേടി.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 14.1 ഓവറിൽ 48 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി. പാറ്റ് കമ്മിൻസ് 2 വിക്കറ്റുകളും, സ്കോട്ട് ബോളണ്ട് 2 വിക്കറ്റുകളും നേടി.
ഇന്ത്യയുടെ അന്തിമ ഇലവൻ ഇങ്ങനെ:
യശസ്വി ജയ്‌സ്വാൾ
കെഎൽ രാഹുൽ
ശുഭ്മാൻ ഗിൽ
വിരാട് കോഹ്‌ലി
ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)
രോഹിത് ശർമ്മ (ക്യാപ്റ്റൻ)
നിതീഷ് കുമാർ റെഡ്ഡി
ആർ അശ്വിൻ
ഹർഷിത് റാണ
ജസ്പ്രീത് ബുംറ
മുഹമ്മദ് സിറാജ്
ഓസ്ട്രേലിയ അന്തിമ ഇലവൻ ഇങ്ങനെ:
ഉസ്മാൻ ഖവാജ
നഥാൻ മക്സ്വീനി
മാർനസ് ലബുഷെയ്ൻ
സ്റ്റീവ് സ്മിത്ത്
ട്രാവിസ് ഹെഡ്
മിച്ചൽ മാർഷ്
അലക്സ് കാരി (വിക്കറ്റ് കീപ്പർ)
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ)
മിച്ചൽ സ്റ്റാർക്ക്
നഥാൻ ലിയോൺ
സ്കോട്ട് ബോളണ്ട്