രോഹിത് ഫാക്ടർ വർക്കായില്ല, എറിഞ്ഞിട്ട് സ്റ്റാർക്ക്; ആദ്യ ദിനം ഓസീസിന് സ്വന്തം
അഡ്‌ലെയ്ഡിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യദിനം ഇന്ത്യയെ വരിഞ്ഞുമുറുക്കി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ വെറും 180 റൺസിന് ഓൾ ഔട്ടായി. മിച്ചൽ സ്റ്റാർക്കിന്റെ (6/48) മിന്നും പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ് ഓസീസ്. നിലവിൽ ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് വെറും 94 റൺസ് മാത്രം അകലെയാണ് ആതിഥേയർ.
നിർണായകമായ ടോസ് നേടി ബാറ്റിങ് തുടങ്ങിയെങ്കിലും മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ പുറത്താക്കി സ്റ്റാർക്ക് ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. തുടർന്ന് കെ.എൽ. രാഹുലും, ശുഭ്മാൻ ഗില്ലും ചേർന്ന് സ്കോർ 69-ൽ എത്തിച്ചെങ്കിലും, രാഹുൽ (37) പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്സ് തകർന്നു.
ശുഭ്മാൻ ഗിൽ (31), വിരാട് കോഹ്‌ലി (7), രോഹിത് ശർമ്മ (3) എന്നിവരും വേഗത്തിൽ പുറത്തായി. തുടക്കക്കാരന്റെ സംഭ്രമമില്ലാതെ ബാറ്റ് വീശിയ നിതീഷ് കുമാർ റെഡ്ഡി (42) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. റെഡിക്കൊപ്പം ഋഷഭ് പന്ത് (21), അശ്വിൻ (22) എന്നിവർ മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്.
ഒരു ഘട്ടത്തിൽ 69/1 എന്ന നിലയിൽ നിന്ന് ഇന്ത്യൻ ഇന്നിംഗ്സ് 87/5 എന്ന നിലയിലേ കൂപ്പുകുത്തിയത് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ മാരകമായ റിവേഴ്‌സ് സ്വിങ്ങിന് മുന്നിലാണ്. സ്റ്റാർക്ക് 14.1 ഓവറിൽ 48 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി. നായകൻ പാറ്റ് കമ്മിൻസും, സ്കോട്ട് ബോളണ്ടും 2 വിക്കറ്റുകൾ വീതം നേടി.
ഓസ്ട്രേലിയയുടെ മറുപടി ബാറ്റിംഗ്
മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എടുത്തു. ഉസ്മാൻ ഖവാജ (13) ആണ് പുറത്തായത്. നഥാൻ മക്സ്വീനി (38), മാർനസ് ലബുഷെയ്ൻ (20) എന്നിവർ ക്രീസിൽ ഉറച്ചുനിൽക്കുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് നേടിയത്.
ഇന്ത്യയുടെ അന്തിമ ഇലവൻ ഇങ്ങനെ:
യശസ്വി ജയ്‌സ്വാൾ
കെഎൽ രാഹുൽ
ശുഭ്മാൻ ഗിൽ
വിരാട് കോഹ്‌ലി
ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)
രോഹിത് ശർമ്മ (ക്യാപ്റ്റൻ)
നിതീഷ് കുമാർ റെഡ്ഡി
ആർ അശ്വിൻ
ഹർഷിത് റാണ
ജസ്പ്രീത് ബുംറ
മുഹമ്മദ് സിറാജ്
ഓസ്ട്രേലിയ അന്തിമ ഇലവൻ ഇങ്ങനെ:
ഉസ്മാൻ ഖവാജ
നഥാൻ മക്സ്വീനി
മാർനസ് ലബുഷെയ്ൻ
സ്റ്റീവ് സ്മിത്ത്
ട്രാവിസ് ഹെഡ്
മിച്ചൽ മാർഷ്
അലക്സ് കാരി (വിക്കറ്റ് കീപ്പർ)
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ)
മിച്ചൽ സ്റ്റാർക്ക്
നഥാൻ ലിയോൺ
സ്കോട്ട് ബോളണ്ട്