ഭുമ്ര പെർത്തിലെ ഒപ്റ്റസ് കീഴടക്കിയ ഒരേയൊരു നായകൻ, സച്ചിനെ മറികടന്ന് കോഹ്ലി, ഗവാസ്കറിന് ഒപ്പം ജയ്‌സ്വാൾ; ഐതിഹാസിക ജയത്തിൽ കടപുഴകിയത് ഒരുപിടി റെക്കോർഡുകളും
പെർത്തിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയെ 295 റൺസിന് തകർത്ത് ഇന്ത്യ പരമ്പരയിൽ മികച്ച തുടക്കം കുറിച്ചു. പതിവ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും, മധ്യനിര ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിന്റെയും അഭാവത്തിലാണ് വിജയം എന്നത് ജസ്പീത് ഭുമ്രയുടെ ക്യാപ്റ്റൻസിയുടെ മാറ്റ് കൂട്ടുന്നു. നിർണായ സമയങ്ങളിൽ തീരുമാനങ്ങളിൽ മികവ് കാണിക്കുകയും, രണ്ട് ഇന്നിംഗ്സുകളിലുമായി 8 വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി നിർണയിക്കുകയും ചെയ്ത സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ തന്നെയാണ് പ്ലയെർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതും.
പെർത്ത് ടെസ്റ്റിൽ തകർക്കപ്പെട്ട റെക്കോർഡുകൾ:
1. ഓപ്റ്റസ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയെ തോൽപ്പിക്കുന്ന ആദ്യ ടീം:
പെർത്തിലെ പുതിയ ഓപ്റ്റസ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയെ തോൽപ്പിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ഇതുവരെ ഓപ്റ്റസിൽ നടന്ന നാല് മത്സരങ്ങളിൽ ഇന്ത്യ, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ എന്നിവരെ ഓസീസ് പരാജയപ്പെടുത്തിയിരുന്നു. പെർത്തിലെ ചരിത്രം മയങ്ങുന്ന വാക്ക സ്റ്റേഡിയത്തിൽ മുൻപും ഓസ്‌ട്രേലിയ തോൽവി നേരിട്ടിട്ടുണ്ടെങ്കിലും, പുതുതായി നിർമിക്കപ്പെട്ട ഓപ്റ്റസ് സ്റ്റേഡിയത്തിൽ ഓസീസിനെ ഒരു ടീം ആദ്യമായാണ് തോൽപ്പിക്കുന്നത്.
2. ഓസ്ട്രേലിയയിൽ റൺസിന്റെ കണക്കിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം:
ഓപ്റ്റസ് സ്റ്റേഡിയത്തിലെ 295 റൺസിന്റെ വിജയം ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരത്തിൽ റൺസിന്റെ കാര്യത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ്. 1977 ൽ മെൽബണിൽ 222 റൺസിനായിരുന്നു ഇതിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. 2018 ൽ വിരാട് കോഹ്ലി നയിച്ച ഇന്ത്യ 137 റൺസിന് ഓസീസിനെ തോൽപ്പിച്ചിരുന്നു.
3. യശസ്വി ജയ്സ്വാൾ സുനിൽ ഗവാസ്കറിനൊപ്പം:
പെർത്ത് ടെസ്റ്റിലെ സെഞ്ച്വറിയിലൂടെ, ഓസ്ട്രേലിയയിലെ കരിയറിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടുന്ന കളിക്കാരുടെ പട്ടികയിൽ ജയ്സ്വാൾ (161) ഇടം നേടി. ജയ്സ്വാളിന് പുറമെ, മൊട്ടഗൻഹള്ളി ജയ്സിംഹ (1968), സുനിൽ ഗവാസ്കർ (1977) എന്നിവരാണ് ഓസ്ട്രേലിയയിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ മറ്റ് രണ്ട് ഇന്ത്യൻ താരങ്ങൾ.
ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യൻ ഇടംകൈയൻ ബാറ്റ്സ്മാൻ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ ഏറ്റവും കൂടുതൽ റൺസ് എന്ന ഗൗതം ഗംഭീറിന്റെ റെക്കോർഡും ജയ്സ്വാൾ മറികടന്നു. 2008 ൽ ഗംഭീർ 1,134 റൺസ് നേടിയപ്പോൾ, ജയ്സ്വാൾ ഇതുവരെ ഈ വർഷം 1,156 റൺസ് നേടിയിട്ടുണ്ട്.
4. വിരാട് കോഹ്ലി സച്ചിൻ ടെണ്ടുൽക്കറെ മറികടന്നു:
ഓസ്ട്രേലിയയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നിലയിൽ വിരാട് കോഹ്ലി (7) സച്ചിൻ ടെണ്ടുൽക്കറെ (6) മറികടന്നു. എല്ലാ ഫോർമാറ്റുകളിലുമായി, ഓസ്ട്രേലിയയിൽ ഒരു വിസിറ്റിംഗ് ബാറ്റ്സ്മാൻ നേടിയ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡും കോഹ്ലി (10) സ്വന്തമാക്കി.
ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ യശസ്വി ജയ്സ്വാളിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ച്വറികളാണ് തിളങ്ങിയത്. ബൗളിംഗിൽ ജസ്പ്രീത് ബുംറയും, സിറാജുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
പരമ്പരയിലെ അടുത്ത മത്സരം:
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരം ഡിസംബർ 1ന് അഡ്‌ലെയ്ഡിൽ ആരംഭിക്കും. രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയും കളിക്കും. വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുമ്പോൾ, പിങ്ക് ടെസ്റ്റിൽ തിരിച്ചുവരവിനായിരിക്കും ഓസ്ട്രേലിയയുടെ ശ്രമം.