പാതി ജയിച്ച് ഇന്ത്യ; ഓസീസ് 'പച്ച പിച്ചിൽ' ആദ്യം ബാറ്റ് ചെയ്യണം. ടീമിൽ സർപ്രൈസ് ഒളിപ്പിച്ച് രോഹിത്
ബ്രിസ്ബേൻ: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നിർണായകമായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. മേഘാവൃതമായ അന്തരീക്ഷവും പിച്ചിലെ നേരിയ പുല്ലും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.
പരിക്കിൽ നിന്ന് മുക്തനായ രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. ഹർഷിത് റാണയ്ക്ക് പകരം അകാശ് ദീപിനെയും, ആർ. അശ്വിന് പകരം ജഡേജയെയും ടീമിൽ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹേസൽവുഡ് തിരിച്ചെത്തിയപ്പോൾ സ്കോട്ട് ബോളണ്ട് പുറത്തായി.
മഴ ഭീഷണി
മത്സരത്തിനിടെ മഴ പെയ്യുമെന്ന് റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, മത്സര ഫലത്തെ ബാധിക്കുന്ന തരത്തിൽ ശക്തിയായ മഴ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഇടക്കിടെ വന്നുപോകുന്ന മഴ സ്വതവേ ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ ബാറ്റിംഗ് ദുഷ്കരമാക്കും.
ഗബ്ബയിലെ റെക്കോർഡുകൾ
ഗബ്ബയിൽ ടോസ് നേടുന്ന ടീമുകൾക്ക് മോശം റെക്കോർഡാണുള്ളത്. ഈ മൈതാനത്ത് നടന്ന അവസാന ഏഴ് മത്സരങ്ങളിൽ ടോസ് നേടിയ ടീമുകൾ തോറ്റു. എങ്കിലും ഇന്നത്തെ മത്സരത്തിൽ മഴ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഇന്ത്യയുടെ ടോസ് വിജയം മികച്ചതാണ്. മഴ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പന്തിന് അധികമായി സ്വിങ് ലഭിക്കുമ്പോൾ ബാറ്റിംഗ് അതീവ ദുഷ്കരമാവും.
ഇന്ത്യയുടെ ഗബ്ബ പ്രണയം
2021-ൽ ഗബ്ബയിൽ ഇന്ത്യ അവിസ്മരണീയമായ വിജയം നേടിയിരുന്നു. ഈ മത്സരവും അത്ര തന്നെ ആവേശകരമാകുമെന്ന് പ്രതീക്ഷിക്കാം.
രോഹിത് മധ്യനിരയിൽ തുടരും
നിലവിലെ ടീം ലൈനപ്പ് അനുസരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മധ്യനിരയിൽ തന്നെയാണ് ഇറങ്ങുക. കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് ശേഷം സുനിൽ ഗവാസ്കറും, രവി ശാസ്ത്രിയും അടക്കമുള്ള മുൻ താരങ്ങൾ രോഹിത് ഓപ്പണിങ്ങിലേക്ക് മടങ്ങിയെത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കെഎൽ രാഹുലും, യശസ്വി ജയ്‌സ്വാളും തന്നെയായിരിക്കും ഇന്ത്യക്കായി ഓപ്പൺ ചെയ്യുക.
ടീമുകൾ
ഓസ്ട്രേലിയ: 1 ഉസ്മാൻ ഖവാജ, 2 നഥാൻ മക്സ്വീനി, 3 മാർനസ് ലബുഷെയ്ൻ, 4 സ്റ്റീവ് സ്മിത്ത്, 5 ട്രാവിസ് ഹെഡ്, 6 മിച്ചൽ മാർഷ്, 7 അലക്സ് കാരി (വിക്കറ്റ് കീപ്പർ), 8 പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), 9 മിച്ചൽ സ്റ്റാർക്ക്, 10 നഥാൻ ലിയോൺ, 11 ജോഷ് ഹേസൽവുഡ്
ഇന്ത്യ: 1 യശസ്വി ജയ്‌സ്വാൾ, 2 കെ.എൽ. രാഹുൽ, 3 ശുഭ്മാൻ ഗിൽ, 4 വിരാട് കോഹ്‌ലി, 5 ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), 6 രോഹിത് ശർമ്മ (ക്യാപ്റ്റൻ), 7 രവീന്ദ്ര ജഡേജ, 8 നിതീഷ് കുമാർ റെഡ്ഡി, 9 ജസ്പ്രീത് ബുംറ, 10 മുഹമ്മദ് സിറാജ്, 11 അകാശ് ദീപ്