പാകിസ്ഥാന്‍ ഇല്ലെങ്കില്‍ വേണ്ട, ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നടത്താനൊരുങ്ങി ബിസിസിഐ
അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരിക്കുകയാണല്ലോ. ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്.
എന്നാല്‍ ഹൈബ്രിഡ് മോഡല്‍ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറായില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തില്‍, പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ചാമ്പ്യന്‍സ് ട്രോഫി നടത്താന്‍ ദക്ഷിണാഫ്രിക്കയായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഇന്ത്യയാണ് മുന്നിലെന്ന് വിവിധ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടന്നാല്‍ പാകിസ്ഥാന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നു.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ വേദിയായ ഏഷ്യാ കപ്പില്‍ ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.