നിതീഷ് തീയാണ്, പുഷ്പമല്ല; നിതീഷിന്റെ ആഘോഷത്തെ കുറിച്ച് 'പാര്‍ട്ട്ണര്‍ ഇന്‍ ക്രൈം'
മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിലെ മൂന്നാം ദിനം സെഞ്ച്വറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയെ പ്രശംസ കൊണ്ട് മൂടി സഹതാരം വാഷിംഗ്ടണ്‍ സുന്ദര്‍. ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ പാടുപെടുമ്പോള്‍ നിര്‍ണായക ഇന്നിംഗ്‌സ് കളിച്ച റെഡ്ഡിയെ 'തീ' എന്നാണ് സുന്ദര്‍ വിശേഷിപ്പിച്ചത്.
'റെഡ്ഡി തീയാണ്, പുഷ്പമല്ല. അവന്‍ ഇന്ന് കളി കീഴടക്കി. അവന്റെ കൈയ്യില്‍ ഇനിയും പല വിദ്യകളുണ്ട്. കൂടുതല്‍ സെഞ്ച്വറികള്‍ നേടുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആഘോഷങ്ങള്‍ കാണാന്‍ കഴിയും' സുന്ദര്‍ പറഞ്ഞു.
'ടീമിന് എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു. കോച്ചും ക്യാപ്റ്റനും അത് ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. റണ്‍സ് വരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്രീസില്‍ പിടിച്ചുനില്‍ക്കുക എന്നതായിരുന്നു. ഞങ്ങള്‍ അത് നന്നായി ചെയ്തു' സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 105 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് നിതീഷ് കുമാര്‍ റെഡ്ഡി. എട്ടാം വിക്കറ്റില്‍ സുന്ദറുമായി (50) ചേര്‍ന്ന് 127 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടും നിതീഷ് ഉണ്ടാക്കിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ പുതുമുഖമായ റെഡ്ഡി, 191/6 എന്ന നിലയില്‍ ക്രീസിലെത്തിയപ്പോള്‍ ഇന്ത്യ ഫോളോ ഓണിന്റെ വക്കിലായിരുന്നു. എന്നാല്‍, റെഡ്ഡി തന്റെ ഇന്നിംഗ്‌സ് ശ്രദ്ധാപൂര്‍വ്വം കെട്ടിപ്പടുത്തു. ആദ്യ ടെസ്റ്റ് അര്‍ദ്ധസെഞ്ച്വറി നേടിയപ്പോള്‍ 'പുഷ്പ' സിനിമയിലെ 'തഗ്ഗെഡെ ലെ' ആംഗ്യം അനുകരിച്ചുകൊണ്ട് റെഡ്ഡി ആഘോഷിച്ചത് ശ്രദ്ധേയമായി.