അവന്‍ കഠിനാധ്വാനിയാണ്, ഫലം കൊയ്യുക തന്നെ ചെയ്യും, തോല്‍വിയിലും ടീമിനെ ചേര്‍ത്ത് പിടിച്ച് സൂര്യ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ തോറ്റെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച പ്രകടനത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പ്രശംസിച്ചു. വരുണ്‍ ഏറെ നാളായി കഠിനാധ്വാനം ചെയ്യുന്ന താരമാണെന്നും എല്ലാവരും അദ്ദേഹത്തിന്റെ പ്രകടനം ആസ്വദിച്ചെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
'ഒരു ട്വന്റി 20യില്‍, 125 റണ്‍സ് പ്രതിരോധിക്കുമ്പോള്‍ ആരെങ്കിലും അഞ്ച് വിക്കറ്റ് നേടുന്നത് അവിശ്വസനീയമാണ്. വരുണ്‍ വളരെക്കാലമായി ഇതിനായി കാത്തിരിക്കുകയായിരുന്നു, തന്റെ ബൗളിംഗില്‍ കഠിനാധ്വാനം ചെയ്യുന്നു, എല്ലാവരും അത് ആസ്വദിച്ചു,' മത്സരശേഷം സൂര്യകുമാര്‍ പറഞ്ഞു.
'എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് ലഭിക്കുന്ന ഏത് സ്‌കോറിന് മുന്നിലും പതറാതെ പോരാടണം. തീര്‍ച്ചയായും, ഒരു ട്വന്റി 20 ഗെയിമില്‍ നിങ്ങള്‍ക്ക് 120 നേടാന്‍ ആഗ്രഹമില്ല, പക്ഷേ ഞങ്ങള്‍ ബൗള്‍ ചെയ്ത രീതിയില്‍ അഭിമാനിക്കുന്നു' സൂര്യകുമാര്‍ പറഞ്ഞു.
'ഞങ്ങള്‍ ശരിക്കും നന്നായി ബൗള്‍ ചെയ്തുവെന്ന് ഞാന്‍ കരുതുന്നു. ചില നല്ല പദ്ധതികള്‍ ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായി നടപ്പിലാക്കി,' അദ്ദേഹം പറഞ്ഞു. ബാറ്റിംഗ് തകര്‍ച്ചയാണ് ഇന്ത്യയുടെ പരാജയത്തിന കാരണമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
'രണ്ട് ഗെയിമുകള്‍ കൂടി ബാക്കിയുണ്ട്. ഇനിയും ഇവിടെ ധാരാളം വിനോദങ്ങള്‍ ബാക്കിയുണ്ട്. ജോഹന്നാസ്ബര്‍ഗിലേക്ക് 1-1 എന്ന നിലയില്‍ പോകുന്നത് വളരെ രസകരമായിരിക്കും' സൂര്യ പറഞ്ഞ് നിര്‍ത്തി.
17 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചക്രവര്‍ത്തിയുടെ പ്രകടനം മത്സരഫലത്തെ സ്വാധീനിക്കാന്‍ പര്യാപ്തമായില്ല. 125 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ വരുണ്‍ 66/6 എന്ന നിലയിലെത്തിച്ചെങ്കിലും ട്രിസ്റ്റന്‍ സ്റ്റബ്സ് (47), ജെറാള്‍ഡ് കോയറ്റ്സി (19) എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. ഇന്ത്യയുടെ തുടര്‍ച്ചയായ 11 മത്സര വിജയങ്ങളുടെ റെക്കോര്‍ഡിനും ഈ തോല്‍വി അവസാനമായി.