പന്തിന്റെ വെടിക്കെട്ട് രക്ഷിച്ചു, സിഡ്‌സിനിയില്‍ ത്രില്ലര്‍, എന്തും സംഭവിക്കാം
ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ രക്ഷകനായെത്തിയത് റിഷഭ് പന്ത്. നാലിന് 78 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അതിവേഗ അര്‍ദ്ധസെഞ്ച്വറിയിലൂടെ പന്ത് കരകയറ്റി. 33 പന്തില്‍ നിന്ന് 61 റണ്‍സ് അടിച്ചെടുത്ത പന്ത്, ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കി. 28 പന്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ പന്ത് തന്നെയാണ് ഈ റെക്കോര്‍ഡില്‍ ഒന്നാമത്.
പന്തിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സില്‍ നാല് സിക്‌സറുകളും ആറ് ഫോറുകളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ പുറത്തായതോടെ പന്തിന്റെ പ്രകടനം അവസാനിച്ചു.
അതെസമയം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറിന് 141 എന്ന നിലയില്‍. 145 റണ്‍സ് ലീഡുമായി ഇന്ത്യ മുന്നിട്ടുനില്‍ക്കുന്നു. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. അവശേഷിക്കുന്ന നാല് വിക്കറ്റില്‍ ഇന്ത്യ എത്ര റണ്‍സ് നേടും എന്നത് ഈ പരമ്പരയില്‍ നിര്‍ണ്ണായകമാകും.
നാല് വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. കെ എല്‍ രാഹുല്‍ (13), യശസ്വി ജയ്സ്വാള്‍ (22), വിരാട് കോഹ്ലി (6), നിതീഷ് കുമാര്‍ റെഡ്ഡി (4) എന്നിവരാണ് ബോളണ്ടിന്റെ ഇരകളായത്.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ ഓസ്‌ട്രേലിയ 181ന് പുറത്തായിരുന്നു. 57 റണ്‍സ് നേടിയ ബ്യൂ വെബ്സ്റ്ററാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗിനെ തകര്‍ത്തത്.
ടെസ്റ്റ് മത്സരത്തിന്റെ ഭാവി ഇനി നിര്‍ണായക ഘട്ടത്തിലാണ്. BGTയും WTC ഫൈനലും അനിശ്ചിതത്വത്തിലാണ്. എല്ലാ കണ്ണുകളും ഇനി സിഡ്നിയിലേക്ക്!