ഒരിക്കലും പൊറുക്കാനാവാത്ത ചതി, ഇന്ത്യയെ തോൽപ്പിച്ച റഫറിക്കെതിരെ കടുത്ത പ്രതിഷേധം
ലോകകപ്പ് യോഗ്യത റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാമെന്ന പ്രതീക്ഷ ഇന്ത്യക്ക് ഉണ്ടായിരുന്നെങ്കിലും അതിനെ തകർത്തു കളഞ്ഞത് റഫറിയുടെ തീരുമാനം. മത്സരത്തിൽ വിജയിച്ചാൽ ചരിത്രത്തിൽ ആദ്യമായി മൂന്നാം ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയുമായിരുന്ന ഇന്ത്യ എഴുപത്തിമൂന്നാം മിനുട്ട് വരെ മുന്നിലായിരുന്നെങ്കിലും അതിനു ശേഷം റഫറിയെടുത്ത ഒരു തെറ്റായ തീരുമാനം മത്സരത്തിന്റെ ഗതിയെ മാറ്റുകയായിരുന്നു.
അപ്രധാനമായ മത്സരമായതിനാൽ പ്രധാന ടീമിനെ ഇറക്കാതിരുന്ന ഖത്തറിനെതിരെ മുപ്പത്തിയേഴാം മിനുട്ടിൽ ഇന്ത്യ മുന്നിലെത്തിയിരുന്നു. ചാങ്‌തെയാണ് ഇന്ത്യയുടെ ഗോൾ നേടിയത്. ഇതോടെ ഇന്ത്യക്ക് വിജയിക്കാമെന്ന പ്രതീക്ഷകൾ വർധിച്ചു. എന്നാൽ എഴുപത്തിമൂന്നാം മിനുട്ടിൽ യൂസഫ് അയ്‌മൻ നേടിയ ഗോൾ തെറ്റായി അനുവദിച്ച് റഫറി മത്സരത്തിന്റെ ഗതിയെത്തന്നെ മാറ്റുകയായിരുന്നു.
ഖത്തറിന്റെ ഒരു ഗോൾശ്രമം ഗുർപ്രീത് തടുക്കാൻ ശ്രമിച്ചപ്പോൾ പന്ത് ഔട്ട്ലൈൻ കടന്നിരുന്നു. എന്നാൽ അവിടെ നിന്നും പന്തെടുത്ത് നൽകിയ പാസിൽ നിന്നും ഖത്തർ ഗോൾ നേടിയപ്പോൾ റഫറി അത് അനുവദിച്ചു. ഇന്ത്യൻ താരങ്ങൾ ഒന്നടങ്കം റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചെങ്കിലും അത് മാറ്റാനോ പരിശോധിക്കാനോ റഫറി തയ്യാറായില്ല.
ആ ഗോളോടെ മത്സരത്തിന്റെ ഗതി മാറുകയും പിന്നീട് ഒരു ഗോൾ കൂടി വഴങ്ങി ഇന്ത്യ തോൽവി വഴങ്ങുകയുമായിരുന്നു. തോൽവിയോടെ ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോൾ അഫ്‌ഗാനിസ്ഥാനെതിരെ നേടിയ വിജയവുമായി കുവൈറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനത്തേക്ക് വരികയും അടുത്ത റൗണ്ടിലേക്ക് മുന്നേറുകയും ചെയ്‌തു.