ടീം ഇന്ത്യ ഇപ്പോള്‍ ദ്രാവിഡിനെ മിസ് ചെയ്യുന്നുണ്ടാകും, ശവത്തില്‍ കുത്തി പാക് താരം
ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ ഇന്ത്യയുടെ നാണംകെട്ട വൈറ്റ്വാഷ് ടീമിന്റെ വിശ്വസ്തരായ ആരാധകരെയും മുന്‍ കളിക്കാരെയും ഞെട്ടിച്ചു. മുംബൈ ടെസ്റ്റിന്റെ നാലാം ഇന്നിംഗ്സില്‍ 147 റണ്‍സ് പിന്തുടരുന്നതില്‍ ഹോം ടീം പരാജയപ്പെട്ടു എന്നത് അവര്‍ക്ക് അത്ര എളുപ്പത്തിലൊന്നും ഉള്‍കൊള്ളാനാകില്ല. പൂനെയിലും മുംബൈയിലും റാങ്ക് ടേണര്‍മാരെ കളിപ്പിക്കാനുള്ള ആശയം ആതിഥേയര്‍ക്ക് തിരിച്ചടിയായി.
ഋഷഭ് പന്ത് (64) മാത്രമായിരുന്നു ബാറ്റുമായി തിളങ്ങിയത്, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരടങ്ങുന്ന ടോപ് ഓര്‍ഡര്‍ വീണ്ടും നിരാശപ്പെടുത്തി. അജാസ് പട്ടേല്‍ മത്സരത്തില്‍ 11 വിക്കറ്റ് വീഴ്ത്തി പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ വെറും 121 റണ്‍സിന് പുറത്തായി.
ഇപ്പോഴിതാ മുന്‍ പാകിസ്ഥാന്‍ ബാറ്റര്‍ ബാസിത് അലി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ മിസ് ചെയ്യുന്നുണ്ടാകും എന്നാണ് ബാസിത് പറയുന്നത്.
'ഇന്ത്യയ്ക്ക് ദ്രാവിഡിനെ മിസ് ചെയ്യുന്നുണ്ടാകണം. നാല് ദിവസത്തേക്കുള്ള പ്ലാന്‍ അദ്ദേഹത്തിനുണ്ടായിരുന്നു, എന്നാല്‍ ഇപ്പോഴത്തെ മാനേജ്‌മെന്റ് രണ്ടോ രണ്ടര ദിവസത്തേക്ക് മാത്രമേ ചിന്തിക്കുന്നുള്ളൂ,' അദ്ദേഹം പറഞ്ഞു.
വാങ്കഡെ സ്റ്റേഡിയത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യ മത്സരം തോറ്റിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വീണു. ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ പരാജയത്തിനുശേഷം ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തി.
'ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരം പോലെ നിങ്ങള്‍ക്ക് ഒരു ടെസ്റ്റ് മത്സരം കളിക്കാന്‍ കഴിയില്ല. ഞങ്ങള്‍ സമനിലയ്ക്ക് കളിക്കുന്നില്ലെന്ന് ചില പരിശീലകര്‍ പറയുന്നു. അത് ശരിയായ സമീപനമാണ്, പക്ഷേ നിങ്ങള്‍ അഞ്ച് ദിവസത്തെ ഗെയിമിനെ വ്യത്യസ്തമായി കാണേണ്ടിവരും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ടി20 നിങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റിനെ നശിപ്പിക്കുമെന്നും ടീമുകള്‍ ഇംഗ്ലണ്ടിന്റെ 'ബാസ്‌ബോള്‍' പകര്‍ത്തരുതെന്ന് ബാസിത് പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട് ഇതുവരെ എത്തിച്ചിട്ടില്ലെന്നും ബാസിത്ത് ഓര്‍മ്മിപ്പിച്ചു.
'എല്ലാവരും ബാസ്‌ബോള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു. ബാസ്‌ബോള്‍ സമീപനം പ്രയോഗിച്ചുകൊണ്ട് ഇംഗ്ലണ്ട് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടില്ല. അവരെപ്പോലെ ആക്രമണാത്മകമായി കളിക്കുന്നതില്‍ കാര്യമില്ല.'
ടേണിംഗ് ട്രാക്കുകള്‍ തയ്യാറാക്കുന്ന ഇന്ത്യയുടെ തന്ത്രങ്ങള്‍ തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.
'മുംബൈയിലെ സ്പിന്നിംഗ് ട്രാക്ക് നിങ്ങളുടെ കളിക്കാരെ സഹായിച്ചില്ല. ഇപ്പോള്‍ നിങ്ങള്‍ ഓസ്ട്രേലിയയില്‍ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കും. കളിക്കാരുടെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയേറ്റു' ബാസിത്ത പറഞ്ഞു.