ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജുവേണം, തുറന്നടിച്ച് ഇന്ത്യന്‍ താരങ്ങള്‍
അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലും ചര്‍ച്ചയിലുമാണ് ആരാധകര്‍. ടി20യില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ ടീമിലെടുക്കുമോ എന്നതും വലിയ ചര്‍ച്ചയാണ്.
ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ട രംഗത്തെത്തി. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സഞ്ജയ് ബംഗാറുമൊത്തുള്ള ടോക്ക് ഷോയിലാണ് മുന്‍ ഇന്ത്യന്‍ താരം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
കെ എല്‍ രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെടുക്കുമ്പോള്‍, സമീപകാലത്ത് ഏകദിന ക്രിക്കറ്റില്‍ കളിക്കാത്ത റിഷഭ് പന്തിനെ പരിഗണിക്കേണ്ടതില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
'രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറാണെങ്കില്‍, സഞ്ജുവിനെ ബാക്ക് അപ്പ് കീപ്പറായി ടീമിലെടുക്കണം. സഞ്ജുവിന്റെ ബാറ്റിംഗിന്റെ വലിയ ആരാധകനാണ് ഞാന്‍. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ക്കാന്‍ കഴിയുന്ന ഒരു ബിഗ് ഹിറ്ററെയാണ് നോക്കുന്നതെങ്കില്‍ സഞ്ജുവാണ് നല്ലത്,' മഞ്ജരേക്കര്‍ പറഞ്ഞു.
പരിക്കില്‍ നിന്ന് മോചിതനായ റിഷഭ് പന്ത് ഏകദിന ക്രിക്കറ്റില്‍ തിളങ്ങിയിട്ടില്ല. എന്നാല്‍, ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു, ടി20യില്‍ മൂന്ന് സെഞ്ച്വറികളടിച്ചു ഫോം തെളിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍, റിഷഭ് പന്തിന് പകരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ബംഗാറും മഞ്ജരേക്കറും ആവശ്യപ്പെട്ടു.