ഇന്ത്യന്‍ താരങ്ങള്‍ ഞങ്ങളുടെ പയ്യനെ ഭീഷണിപ്പെടുത്തി, ഐസിസി മൗനിയായി, ആഞ്ഞടിച്ച് ഓസീസ് കോച്ച്
സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ യുവതാരം സാം കോണ്‍സ്റ്റാസിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഓസ്‌ട്രേലിയന്‍ കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് രംഗത്ത്. ആദ്യ ദിനത്തിന്റെ അവസാന പന്തില്‍ ജസ്പ്രീത് ബുംറ ഉസ്മാന്‍ ഖവാജയെ പുറത്താക്കിയതിന് ശേഷം നടന്ന സംഭവമാണ് മക്‌ഡൊണാള്‍ഡിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഖവാജ സമയം കളയുന്നതായി ബുംറയ്ക്ക് തോന്നിയപ്പോള്‍ നോണ്‍-സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന കോണ്‍സ്റ്റാസ് ഇടപെട്ട് ബുംറയോട് എന്തോ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ബുംറയും കോണ്‍സ്റ്റാസിനോട് പ്രതികരിച്ചു. ഒടുവില്‍ അമ്പയര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. അവസാന പന്തില്‍ ഖവാജയെ പുറത്താക്കിയ ബുംറ, കോണ്‍സ്റ്റാസിനെ നോക്കി ആഘോഷിച്ചത് വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ താരങ്ങളുടെ ഈ പ്രവൃത്തി കോണ്‍സ്റ്റാസിനെ ഭയപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും മക്‌ഡൊണാള്‍ഡ് പറഞ്ഞു. എന്നാല്‍, ഐസിസി ഇതുവരെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മക്‌ഡൊണാള്‍ഡ് പരാതിപ്പെടുന്നു.
'ഇന്ത്യന്‍ താരങ്ങളുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് ഐസിസി കരുതിയിരുന്നെങ്കില്‍ അവര്‍ ശിക്ഷ നല്‍കുമായിരുന്നു' മക്‌ഡൊണാള്‍ഡ് പറഞ്ഞു.
നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1ന് മുന്നിലാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഓസ്‌ട്രേലിയക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടാം.