'ആനമുട്ടയിടാന്‍' സൂപ്പര്‍ താരം ഓസീസിലേക്ക് പോയത് 27 കൂറ്റന്‍ ബാഗുകളുമായി, ബിസിസിഐ ലഗേജ് നിയന്ത്രണത്തിന് പിന്നില്‍
കഴിഞ്ഞ മാസം ബിസിസിഐ പുറത്തിറക്കിയ പുതിയ യാത്രാ നയം ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റോടെ നിലവില്‍ വരികയാണ്. ഇതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടീമിന്റെ അച്ചടക്കം ഉറപ്പാക്കുക, ടീം അംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിപ്പിക്കുക, യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ബിസിസിഐ അന്ന് വ്യക്തമാക്കിയിരുന്നു.
പുതിയ നിയമമനുസരിച്ച് ഒരു മാസത്തില്‍ കുറഞ്ഞ ടൂര്‍ണമെന്റുകള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഭാര്യയെയോ കുടുംബാംഗങ്ങളെയോ ഒപ്പം കൊണ്ടുപോകാന്‍ അനുമതിയില്ല. അതുപോലെ പേഴ്‌സണല്‍ സ്റ്റാഫുകളെയും കൂടെ താമസിപ്പിക്കാന്‍ കഴിയില്ല. ഈ നിയമം ഗൗതം ഗംഭീറിനും ബാധകമാണെന്ന് ബിസിസിഐ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള യാത്രയില്‍ ഭാര്യയെ ഒപ്പം കൂട്ടാനുള്ള ഒരു മുതിര്‍ന്ന കളിക്കാരന്റെ ആവശ്യം ബിസിസിഐ നിരസിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. വിരാട് കോഹ്ലിയാണ് ആ താരം എന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനുപുറമെ, ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് മുതല്‍ ബിസിസിഐ നടപ്പിലാക്കിയ മറ്റൊരു നിയമം കളിക്കാരുടെ ലഗേജുകളുടെ ഭാരത്തിലുള്ള നിയന്ത്രണമാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയുടെ സമയത്തുണ്ടായ ചില സംഭവവികാസങ്ങളാണ് ഈ നിയന്ത്രണം കൊണ്ടുവരാന്‍ കാരണമായതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി പോയ ഒരു താരം 250 കിലോയിലധികം ലഗേജ് കൊണ്ടുപോയെന്നും ഇത് അധിക ചെലവിന് കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കായി ഈ താരം 27 ബാഗുകളുമായാണ് പോയത്. ഈ ബാഗുകള്‍ താരത്തിന്റേത് മാത്രമല്ല, കുടുംബാംഗങ്ങളുടെയും പേഴ്‌സണല്‍ അസിസ്റ്റന്റിന്റെയും ഉള്‍പ്പെടെയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
17 ബാറ്റുകളും ഈ താരം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയെന്നും ടീമിലെ സൂപ്പര്‍ താരമാണിതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.