നാല് വര്‍ഷത്തിന് ശേഷം മരണ പേസറെ തിരിച്ചുവിളിച്ച് ഇംഗ്ലണ്ട്, ഇന്ത്യക്ക് കനത്ത വെല്ലുവിളി
ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ സുപ്രധാന ടെസ്റ്റ് പരമ്പരയോടെയാണ് 2025-27ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) കാമ്പെയ്ന് വിജയത്തുടക്കം കുറിക്കാന്‍ ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അതിവേഗ ബൗളര്‍ ജോഫ്ര ആര്‍ച്ചറെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരാന്‍ ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 20ന് ലീഡ്‌സില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള 14 അംഗ ടീമില്‍ ആര്‍ച്ചറെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, ജൂലൈ 2ന് എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ താരം കളിക്കാന്‍ സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ടിന്റെ ദേശീയ സെലക്ടര്‍ ലൂക്ക് റൈറ്റ് വെളിപ്പെടുത്തി.
30കാരനായ ആര്‍ച്ചര്‍, സസെക്‌സിനുവേണ്ടി ഡര്‍ഹാമിനെതിരെ ചെസ്റ്റര്‍-ലീ-സ്ട്രീറ്റില്‍ നടക്കുന്ന കൗണ്ടി മത്സരത്തില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്.
'ജോഫ്രയുടെ കാര്യങ്ങള്‍ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. സസെക്‌സിനു വേണ്ടി കുറച്ച് രണ്ടാം ഇലവന്‍ മത്സരങ്ങള്‍ കളിപ്പിച്ച് അദ്ദേഹത്തിന്റെ ബൗളിംഗ് ജോലിഭാരം ക്രമീകരിക്കാനാണ് പദ്ധതി. അതിനുശേഷം, ആദ്യ ടെസ്റ്റ് നടക്കുന്ന സമയത്ത് (ജൂണ്‍ 22-25) സസെക്‌സിനു വേണ്ടി ഡര്‍ഹാമിനെതിരെ കളിക്കും. എല്ലാം വിചാരിച്ചതുപോലെ നടന്നാല്‍, രണ്ടാം ടെസ്റ്റിലേക്ക് അദ്ദേഹം ലഭ്യമായേക്കും' ലൂക്ക് റൈറ്റ് പറഞ്ഞു.
'മറ്റേതൊരു ബൗളറെയും പോലെ, തിരിച്ചടികളില്ലാതെ ഓരോ ദിവസവും കാര്യങ്ങള്‍ കൃത്യമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഡര്‍ഹാമിനെതിരായ മത്സരം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, രണ്ടാം ടെസ്റ്റിനുള്ള സെലക്ഷന് അദ്ദേഹം ലഭ്യമാകും' റൈറ്റ് കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ചര്‍ അവസാനമായി ഒരു ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത് 2021 മെയ് മാസത്തിലാണ്. ഇംഗ്ലണ്ടിനായി അവസാനമായി ടെസ്റ്റ് കളിച്ചത് 2021 ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെയായിരുന്നു.
പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം കളിക്കളത്തിന് പുറത്തായിരുന്ന ആര്‍ച്ചര്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സജീവമായി കളിക്കുന്നുണ്ട്.
ജൂണ്‍ 6 മുതല്‍ ഇന്ത്യ 'എ'യ്ക്കെതിരെ നടക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇംഗ്ലണ്ട് ലയണ്‍സിനായി റെഡ്-ബോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ (ഐപിഎല്‍) തള്ളവിരലിനേറ്റ പരിക്ക് പദ്ധതികള്‍ മാറ്റാന്‍ നിര്‍ബന്ധിതരാക്കി, വെസ്റ്റ് ഇന്‍ഡീസിനെതിരായ വൈറ്റ് ബോള്‍ പരമ്പരയും അദ്ദേഹത്തിന് നഷ്ടമായി.
ടെസ്റ്റ് കരിയറില്‍ ഇതുവരെ 13 മത്സരങ്ങള്‍ കളിച്ച ആര്‍ച്ചര്‍, മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 42 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
മറ്റ് പ്രധാന താരങ്ങളുടെ പരിക്ക്
മാര്‍ക്ക് വുഡും പരിക്കില്‍ നിന്ന് മോചിതനായി വരികയാണെന്നും നാലാമത്തെയോ അഞ്ചാമത്തെയോ ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നും ലൂക്ക് റൈറ്റ് വെളിപ്പെടുത്തി.
പരമ്പരയിലെ ആദ്യ മത്സരത്തില്‍, പരിചയസമ്പത്ത് കുറഞ്ഞ ഇംഗ്ലീഷ് പേസ് ആക്രമണത്തെ നയിക്കുന്നത് തിരിച്ചെത്തുന്ന ക്രിസ് വോക്‌സ് ആയിരിക്കും. ജാമി ഓവര്‍ട്ടണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ് എന്നിവരും പേസ് നിരയിലുണ്ട്.
ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം:
ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊഐബ് ബഷീര്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ട്ടണ്‍, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടങ്, ക്രിസ് വോക്‌സ്.