ധോണി സ്റ്റൈൽ 'നോ-ലുക്ക്' ത്രോ അനുകരിച്ച് യുവതാരം; ഇന്ത്യൻ ടീമിന്റെ ഗംഭീര വിജയത്തിൽ ചർച്ചയായി ധോണിയും
ഇന്ത്യൻ അണ്ടർ 19 ടീമിന്റെ വിക്കറ്റ് കീപ്പർ ഹർവൻഷ് സിംഗ് പങ്കാലിയയുടെ ധോണി സ്റ്റൈൽ 'നോ-ലുക്ക്' ത്രോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യുഎഇയ്‌ക്കെതിരായ അണ്ടർ 19 ഏഷ്യാ കപ്പ് മത്സരത്തിനിടെയായിരുന്നു എംഎസ് ധോണിയെ അനുകരിച്ചുള്ള വിക്കറ്റ് കീപ്പറുടെ ഈ റൺ ഔട്ട് ശ്രമം.
ധോണി സ്റ്റൈൽ റൺ ഔട്ട്
വിക്കറ്റിന് പിന്നിൽ നിന്ന് വളരെ വൈഡായി എറിഞ്ഞ ഒരു ത്രോ സ്വീകരിച്ച പങ്കാലിയ, ബാറ്ററെ റൺ ഔട്ട് ചെയ്യാനായി തിരിഞ്ഞുപോലും നോക്കാതെ സ്റ്റമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ ബാറ്റർ ക്രീസിലെത്തിയിരുന്നതിനാൽ ദൗർഭാഗ്യവശാൽ റൺഔട്ട് ആയില്ല. ധോണിയുടെ പ്രശസ്തമായ നോ-ലുക്ക് ത്രോയുടെ അനുകരണമായിരുന്നു ഇത്.
വീഡിയോ കാണാം
ഇന്ത്യയുടെ മികച്ച വിജയം
മത്സരത്തിൽ യുഎഇയെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ 19 ഏഷ്യാകപ്പ് സെമി ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത യുഎഇ 137 റൺസിന് പുറത്തായി. ഇന്ത്യയ്ക്കായി യുധാജിത് ഗുഹ മൂന്ന് വിക്കറ്റും, ചേതൻ ശർമ്മയും, ഹാർദിക് രാജും രണ്ട് വിക്കറ്റ് വീതവും നേടി.
പതിമൂന്ന്കാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിംഗ്സ്
മറുപടിയായി ഇന്ത്യയുടെ ഓപ്പണർമാരായ അയുഷ് മാത്രെയും, വൈഭവ് സൂര്യവംശിയും 16.1 ഓവറിൽ 143 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 51 പന്തിൽ നിന്ന് 67 റൺസുമായി മാത്രെയും 46 പന്തിൽ നിന്ന് 76 റൺസുമായി സൂര്യവംശിയും പുറത്താകാതെ നിന്നു.