ബുമ്രയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കും രക്ഷിച്ചില്ല, കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച് ഓസ്‌ട്രേലിയ
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവിനായി പൊരുതുന്നു. ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ പിന്‍ബലത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ഓസ്‌ട്രേലിയയെ ബുമ്രയുടെ മിന്നല്‍ പ്രകടനമാണ് രണ്ടാം ദിനം പിടിച്ചുനിര്‍ത്തിയത്.
സ്റ്റീവ് സ്മിത്തിനെ (101) രണ്ടാം ന്യൂബോള്‍ എടുത്തശേഷം സ്ലിപ്പില്‍ രോഹിത്തിന്റെ കൈകളിലെത്തിച്ച ബുമ്ര, തൊട്ടടുത്ത ഓവറില്‍ മിച്ചല്‍ മാര്‍ഷിനെയും (5), ട്രാവിസ് ഹെഡിനെയും (152) പുറത്താക്കി. ഇതോടെ 316ന് മൂന്ന് എന്ന നിലയില്‍ നിന്ന് 327-6 ലേക്ക് ഓസീസിനെ തള്ളിയിട്ട ബുമ്ര ഇന്ത്യയുടെ രക്ഷകനായി.
രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് എന്ന നിലയിലാണ്. 45 റണ്‍സുമായി അലക്‌സ് ക്യാരിയും ഏഴ് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.
ഇന്ത്യയ്ക്കായി ബുമ്ര 72 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജും നിതീഷ് കുമാര്‍റെസ്സിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആകാശ് ദീപിനും രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റൊന്നും നേടാനായില്ല.
നേരത്തെ രണ്ടാം ദിനം ആദ്യ സെഷനില്‍ ഉസ്മാന്‍ ഖവാജയെയും (20), നഥാന്‍ മക്‌സ്വീനിയെയും (9), മാര്‍നസ് ലാബുഷെയ്നിനെയും (12) പുറത്താക്കി 75-3 എന്ന സ്‌കോറില്‍ ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കിയെങ്കിലും ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് കളി തിരിച്ചുപിടിച്ചു.
ഹെഡിനെ ഒരിക്കല്‍ പോലും സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. തുടക്കത്തില്‍ പതറിയ സ്മിത്ത് പിന്നീട് തകര്‍ത്തടിച്ചു. 114 പന്തില്‍ ഹെഡ് തന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയപ്പോള്‍ 185 പന്തില്‍ സ്മിത്ത് ഇന്ത്യക്കെതിരായ പത്താമത്തെയും കരിയറിലെ 34-ാമത്തെയും ടെസ്റ്റ് സെഞ്ചുറി കുറിച്ചു.
ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന ജോ റൂട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സ്മിത്തിനായി. 241 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഈ ജോഡിയെ ന്യൂബോളില്‍ ബുമ്രയാണ് വേര്‍പെടുത്തിയത്. സ്മിത്ത് പുറത്തായശേഷം 157 പന്തില്‍ 150 തികച്ച ഹെഡിനെയും വീഴ്ത്തിയ ബുമ്ര ഇന്ത്യയുടെ രക്ഷകനായി.