പറയിപ്പിച്ച് വീണ്ടും ടീം ഇന്ത്യ, തകര്‍ന്ന് തരിപ്പണമാകുന്നു
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഗാബയില്‍ പ്രതീക്ഷിച്ച പോലെ തന്നെ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിയുന്നു. ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 445 പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യക്ക് മഴമൂലം മത്സരം നിര്‍ത്തിവെക്കുമ്പോള്‍ തുടക്കത്തിലെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
യശസ്വി ജയ്സ്വാള്‍(3), ശുഭ്മാന്‍ ഗില്‍(1), വിരാട് കോഹ്ലി(3) എന്നിവരാണ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി. കെ.എല്‍ രാഹുലും ഋഷഭ് പന്തുമാണ് ക്രീസില്‍. മഴമൂലം മത്സരം നിര്‍ത്തിവെക്കുമ്പോള്‍ 39-3 എന്ന നിലയിലാണ് ഇന്ത്യ. ഏഴ് വിക്കറ്റ് മാത്രം അവശേഷിക്കെ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 406 റണ്‍സ് വേണം.
നേരത്തെ, ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ മികവിലാണ് ഓസീസിനെ 445ല്‍ പുറത്താക്കിയത്. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101), അലക്‌സ് ക്യാരി (70) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.
ഓസീസ് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. പെര്‍ത്തില്‍ സെഞ്ച്വറി നേടിയ ജയ്സ്വാള്‍ ഒരിക്കല്‍കൂടി സ്റ്റാര്‍ക്കിന് മുന്നില്‍ വീണു. ഇന്ത്യന്‍ സ്‌കോര്‍ നാലില്‍ നില്‍ക്കെ സ്റ്റാര്‍ക്കിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് കൈപിടിയിലൊതുക്കുകയായിരുന്നു.
സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ സ്റ്റാര്‍ക്കിന്റെ തന്നെ അടുത്ത ഓവറില്‍ ശുഭ്മാന്‍ ഗില്ലും മടങ്ങി. തൊട്ടുപിന്നാലെ കോഹ് ലിയെ ഹേസല്‍വുഡ് കൂടി പുറത്താക്കിയതോടെ ഒരുഘട്ടത്തില്‍ 22-3 എന്ന നിലയിലായി. ഏഴിന് 405 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി.