പകവീട്ടാന്‍ തന്നെ രോഹിത്തും കൂട്ടരും, ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ രണ്ടും കല്‍പിച്ചുളള പോര്
ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഐസിസി ട്രോഫികളില്‍ നിരവധി തവണ ഓസ്‌ട്രേലിയയോട് തോല്‍ക്കേണ്ടി വന്നിട്ടുളള ഇന്ത്യയ്ക്ക് ഈ മത്സരം ഒരു പ്രതികാരത്തിന്റേത് കൂടിയാണ്.
ഏറ്റവും ഒടുവില്‍ 2023 ലോകകപ്പ് ഫൈനലില്‍ ആണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ അടിയറവ് പറയേണ്ടി വന്നത്. അതിനാല്‍ തന്നെ തങ്ങള്‍ നേരിട്ട തോല്‍വിക്ക് മധുരമായൊരു പ്രതികാരം ചെയ്യാന്‍ കൂടിയാണ് രോഹിത് ശര്‍മ്മയും കൂട്ടരും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലിറങ്ങുന്നത്.
കഴിഞ്ഞ ലോകകപ്പിലെ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റിന് ഒരിക്കലും മറക്കാനാവാത്ത ദുരന്തമായിരുന്നു. ഓസ്‌ട്രേലിയന്‍ ടീമില്‍ പല മാറ്റങ്ങളുമുണ്ടെങ്കിലും, കരുത്തുറ്റ നിരയാണ് അവര്‍ക്കുള്ളത്.
മറുവശത്ത്, ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വാനോളമാണ്. ജസ്പ്രീത് ബുംറയുടെ അഭാവം നികത്താന്‍ പോന്ന താരങ്ങള്‍ ടീമിലുണ്ട്. ന്യൂസിലന്‍ഡിനെ തകര്‍ത്ത അതേ ഫോം നിലനിര്‍ത്താനാകും ഇന്ത്യയുടെ ശ്രമം.
ടീമിലെ പ്രധാന വെല്ലുവിളി, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിക്കണോ എന്നതാണ്. രോഹിത് ശര്‍മ്മ വരുണ്‍ കളിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പിച്ചിന്റെ സ്വഭാവം നിര്‍ണായകമാകും.
ഓസ്‌ട്രേലിയയുടെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ ട്രാവിസ് ഹെഡിനെ എത്രയും പെട്ടെന്ന് പുറത്താക്കുക എന്നത് ഇന്ത്യയുടെ വിജയത്തിന് അത്യാവശ്യമാണ്. മറുവശത്ത്, വിരാട് കോഹ്ലിയെ ആദം സാമ്പയും, രോഹിത് ശര്‍മ്മയെ ഇടംകൈയ്യന്‍ പേസര്‍മാരും എങ്ങനെ നേരിടുന്നു എന്നതും ശ്രദ്ധേയമാകും. പരിക്കേറ്റ മാത്യു ഷോര്‍ട്ടിന് പകരമായി ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ഗ് ഓപ്പണറായി ഇറങ്ങുമ്പോള്‍, ഓസ്ട്രേലിയ അധിക സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.