കടുവകളുടെ തലയെടുത്ത് സഞ്ജുവിന്റെ താണ്ഡവം, ടി20യില്‍ പടുകൂറ്റന്‍ സ്‌കോറുമായി ടീം ഇന്ത്യ
ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ കൂറ്റന്‍ സ്‌കോറുമായി ടീം ഇന്ത്യ. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവില്‍ ടീം ഇന്ത്യ 20 ഓവറില്‍ 295 റണ്‍സാണ് നേടിയത്. വെറും 47 പന്തില്‍ നിന്നാണ് ഈ മലയാളി താരം സെഞ്ച്വറി കുറിച്ചത്. 11 ഫോറും 8 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ സ്‌ഫോടനാത്മക ഇന്നിംഗ്‌സ്.
അതിനിടെ പത്താം ഓവറില്‍ റിഷാദ് ഹൊസൈനെതിരെ അഞ്ച് സിക്‌സറുകള്‍ പറത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി. ക്രിക്കറ്റ് ലോകത്തിന് ഒരിക്കലും മറക്കാനാകാത്ത കാഴ്ച്ചയായി മാറി ഇത്.
22 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി തികച്ച സഞ്ജുവിന്റെ ആഘോഷവും ശ്രദ്ധേയമായി. കഴിഞ്ഞ മത്സരങ്ങളിലെ പരാജയങ്ങളുടെ നിരാശ ഇന്ന് സഞ്ജുവില്‍ കാണാനായില്ല.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് അഭിഷേക് ശര്‍മ്മയെ (4) നേരത്തെ നഷ്ടമായി. എന്നാല്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവും ചേര്‍ന്ന് ഇന്ത്യയെ ഉയര്‍ന്ന സ്‌കോറിലേക്ക് നയിച്ചു. സൂര്യകുമാര്‍ യാദവ് 35 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതം 75 റണ്‍സാണ് നേടിയത്. ഇരുവരും രണ്ടാം വിക്കില്‍ 173 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഇരുവരും പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ നിരയില്‍ റിയാന്‍ പാഗും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും വെടിക്കെട്ട് തുടര്‍ന്്‌നു. റിയാന്‍ പരാഗ് 13 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതം 34 റണ്‍സെടുത്തപ്പോള്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ 18 പന്തില്‍ നാല് വീതം സിക്്‌സും ഫോറും സഹിതം 47 റണ്‍സുമെടുത്തു. റിങ്കു സിംഗ് നാല് പന്തില്‍ എട്ട് റണ്‍സും സുന്ദര്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.
ടി20യിലെ ഇന്ത്യുടെ ഏറ്റവും മികച്ച സ്‌കോറാണിത്. ബംഗ്ലാദേശിനായി പന്തെറിഞ്ഞവരെല്ലാം തല്ലേറ്റുവാങ്ങി. തന്‍സീം ഹന്‍ നാല് ഓവറില്‍ 66 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.