ജഡ്ഡുവിന്റെ നേതൃത്വത്തില്‍ ആക്രമണം, ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യ
ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 249 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ ആണ് 248 റണ്‍സ് നേടിയത്. രവീന്ദ്ര ജഡേജയുടേയും ഹര്‍ഷിത് റാണയുടേയും മികച്ച ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തളച്ചത്.
ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍് ജോസ് ബട്‌ലറും ജാക്കബ് ബെത്ത് ഹെല്ലും അര്‍ധ സെഞ്ച്വറി നേടി. ബട്‌ലര്‍ 67 പന്തില്‍ നാല് ഫോറടക്കം 52 റണ്‍സും ബെത്ത് ഹെല്‍ 64 പന്തില്‍ മൂന്ന് ഫോറടക്കം 51 റണ്‍സും ആണ് നേടിയത്.
ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡെക്കട്ടും 8.5 ഓവറില്‍ 75 റണ്‍സാണ് അടിച്ച് കൂട്ടിയത്. സാള്‍ട്ട് 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുമടക്കം 43 റണ്‍സ് എടുത്ത് നില്‍ക്കെ റണ്ണൗട്ടാകുകയായിരുന്നു. ഇതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. പിന്നാലെ 32 റണ്‍സെടുത്ത ബെന്‍ ഡെക്കട്ടും ഡെക്കായി ഹാരി ബ്രൂക്കും മടങ്ങി.
പിന്നാലെ ജോറൂട്ടിനെ (19) ഒപ്പം കൂട്ടി ജോസ് ബടലര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഒടുവില്‍ ബെത്ത് ഹെല്ലും ബട്‌ലറും കൂടി 69 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ ഒന്‍പത് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും ഹര്‍ഷിത് റാണ ഏഴ് ഓവറില്‍ 53 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.