അഭിഷേക് ഒറ്റക്കെടുത്തത് 135 റണ്‍സ്, ഇംഗ്ലണ്ട് ആകെ എടുത്തത് 97 റണ്‍സ്, ആഭിഷേക താണ്ഡവം പൂര്‍ത്തിയാക്കി ഷമി
ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. 150 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് കേവലം 97 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.
ഫില്‍ സോള്‍ട്ട് (23 പന്തില്‍ 55) മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ലിയാം ലിവിങ്സ്റ്റന്‍ (ഒന്‍പത്), ജോസ് ബട്‌ലര്‍ (ഏഴ്), ഹാരി ബ്രൂക്ക് (രണ്ട്), ബെന്‍ ഡക്കറ്റ് (പൂജ്യം) തുടങ്ങിയ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശരായി മടങ്ങി.
2.3 ഓവറുകള്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമി 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഭിഷേക് ശര്‍മയാണ് കളിയിലെ താരം.
നേരത്തെ, അഭിഷേക് ശര്‍മയുടെ (54 പന്തില്‍ 135) സെഞ്ച്വറി മികവില്‍ ഇന്ത്യ 247/9 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. സഞ്ജു സാംസണ്‍ (16) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ തിലക് വര്‍മ്മ (24), ശിവം ദുബെ (30) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സൂര്യകുമാര്‍ യാദവ് (2) പരാജയപ്പെട്ടു.
ആദ്യ ആറോവറുകളില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുത്തിരുന്നു. 17 പന്തുകളിലാണ് അഭിഷേക് അര്‍ധ സെഞ്ചറി പിന്നിട്ടത്. 10 സിക്‌സുകളും അഞ്ച് ഫോറുകളും പായിച്ച അഭിഷേക് 37 പന്തില്‍ നൂറു കടന്നു. തിലക് വര്‍മയ്ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും അധികം നീണ്ടില്ല. 15 പന്തില്‍ 24 റണ്‍സെടുത്ത തിലകിനെ ബ്രൈഡന്‍ കാഴ്‌സിന്റെ പന്തില്‍ ഫില്‍ സോള്‍ട്ട് ക്യാച്ചെടുത്തു പുറത്താക്കി.