മറുപടി ഇന്ന് ഉണ്ടാകും, എല്ലാ കണ്ണും സഞ്ജുവിന്റെ ബാറ്റിലേക്ക്
വിവാദങ്ങളുടെ നിഴലില്‍ നിശബ്ദനായിരുന്ന സഞ്ജു സാംസണ്‍ ഇന്ന് ബാറ്റു കൊണ്ട് മറുപടി പറയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍, സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് സെഞ്ച്വറികള്‍ നേടിയ ഫോം തുടര്‍ന്നാല്‍ അത് ടീം മാനേജ്മെന്റിനും കേരള ക്രിക്കറ്റ് അസോസിയേഷനും ഉള്ള മറുപടിയാകും.
ഗംഭീറിന്റെ 'മിഷന്‍ ഇംഗ്ലണ്ട്'
ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് ഇംഗ്ലണ്ട് പരമ്പര നിര്‍ണായകമാണ്. ട്വന്റി20യില്‍ ഇതുവരെ തോല്‍വിയറിയാത്ത ഗംഭീര്‍, യുവനിരയുമായി ഇറങ്ങുമ്പോഴും വിജയം ലക്ഷ്യമിടുന്നു.
യുവതാരങ്ങളുടെ കരുത്ത്
അഭിഷേക് ശര്‍മ സഞ്ജു സാംസണ്‍ ഓപ്പണിങ് ജോടി തന്നെ ഇംഗ്ലണ്ടിനെതിരെയും തുടരാനാണ് സാധ്യത. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ബാറ്റിങ് നിരയ്ക്ക് കരുത്തേകും. അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ബൗളിങ് നിരയിലും.
ഇംഗ്ലണ്ടിന്റെ പുതിയ തുടക്കം
ബ്രണ്ടന്‍ മക്കല്ലത്തിനു കീഴിലുള്ള ഇംഗ്ലണ്ട് ടീം പുതിയൊരു തന്ത്രവുമായാണ് എത്തുന്നത്. ജോസ് ബട്ലര്‍, ഹാരി ബ്രൂക്ക്, ഫില്‍ സോള്‍ട്ട്, ലിയാം ലിവിങ്സ്റ്റന്‍ തുടങ്ങിയവര്‍ ബാറ്റിങ്ങിലും ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ ബൗളിങ്ങിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തും.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ആവേശപ്പോര്
ബാറ്റിങ്ങിന് അനുകൂലമായ ഈഡന്‍ ഗാര്‍ഡന്‍സ് പിച്ചില്‍ ഇന്ന് ആവേശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. രാത്രി 7ന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.