3-0, ഇംഗ്ലണ്ടിനെ കത്തിച്ച് ടീം ഇന്ത്യ, ചാമ്പ്യന്‍സ് ട്രോഫിയില്‍ നീലപ്പടയെ പേടിക്കണം
ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിലും ആധികാരിക വിജയം നേടി ഇന്ത്യ പരമ്പര തൂത്തുവാരി (3-0). അഹമ്മദാബാദില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശുഭ്മാന്‍ ഗില്ലിന്റെ (112) തകര്‍പ്പന്‍ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യര്‍ (78), വിരാട് കോഹ്ലി (52) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെയും കരുത്തില്‍ 50 ഓവറില്‍ 356 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുലും (40) നിര്‍ണായക സംഭാവന നല്‍കി.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് കേവലം 214 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ 142 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നഷടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ രോഹിത് ശര്‍മ്മയെ (1) നഷ്ടപ്പെട്ടെങ്കിലും, ഗില്ലും കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ ശക്തമായ നിലയിലേക്ക് നയിച്ചു. പിന്നീട് ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും, മറ്റ് ബൗളര്‍മാര്‍ക്ക് കാര്യമായ പ്രകടനം നടത്താനായില്ല.
357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇംഗ്ലണ്ടിനെ 214 റണ്‍സിന് പുറത്താക്കി.
ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ഷമി, ജഡേജ എന്നിവര്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. വാഷിങ്ടണ്‍ സുന്ദറും, അര്‍ഷ്ദീപും ടീമില്‍ ഇടം നേടി.