തകര്‍പ്പന്‍ സെഞ്ച്വറിയുമായി രവീന്ദ്ര, വെടിക്കെട്ടുമായി സൗത്തി, ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്
ഇന്ത്യയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ആദ്യ ഇന്നിംഗ്‌സില്‍ വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യയ്ക്ക് മേല്‍ മൂന്ന് വിക്കറ്റ് അവശേഷിക്കെ ന്യൂസിലന്‍ഡിന്റെ ലീഡ് 299 റണ്‍സ് ആയി ഉയര്‍ന്നു.
ന്യൂസിലന്‍ഡിനായി രച്ചിന്‍ രവീന്ദ്ര തകര്‍പ്പന്‍ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുകയാണ്. 125 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 104 റണ്‍സാണ് രച്ചിന്‍ ഇതിവരെ നേടിയിട്ടുളളത്. ടിം സൗത്തി 50 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 49 റണ്‍സുമായി ക്രീസിലുണ്ട്.
മൂന്നിന് 180 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡ് തുടക്കത്തില്‍ തകരുന്ന കാഴ്ച്ചയാണ് കണ്ടത്. ഡെയ്ല്‍ മിച്ചലിനെ (18) പുറത്താക്കി സിറാജ്് ആണ് ഇന്ത്യയ്ക്ക് മൂന്നാം ദിനം ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ടോം ബ്ലന്‍ഡലിനെ (5) ഭുംറയും ഗ്ലെന്‍ ഫിലിപ്‌സിനെയും (14), മാത്ത് ഹെന്റിയേയും (8) ജഡേജയും പുറത്താക്കി. ഇതോടെ കിവീസ് ഏഴിന് 233 റണ്‍സ് എന്ന നിലയിലേക്ക് വീണു.
എന്നാല്‍ എട്ടാം വിക്കറ്റില്‍ രച്ചിന്‍ - സൗത്തി സഖ്യം അതിവേഗം റണ്‍സടിച്ച് കൂട്ടുകയായിരുന്നു. ഇരുവരും ഇതുവരെ 113 റണ്‍സ് കിവീസ സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ച് കഴിഞ്ഞു.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 20 ഓവറില്‍ 72 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ജസ്പ്രിത് ഭുംറ, മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.