കോഹ്ലി അങ്ങനെ പുറത്തായത് ഞെട്ടിക്കുന്നു, തുറന്ന പറഞ്ഞ് സാന്റ്‌നറും
പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മിച്ചല്‍ സാന്റ്‌നറിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യയെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ത്തത്. സാന്റ്‌നര്‍ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം (19.3 ഓവറില്‍ 7/53) കാഴ്ചവെച്ചപ്പോള്‍ ഇന്ത്യ 156 റണ്‍സിന് ഓള്‍ ഔട്ടായി.
ഇതോടെ ന്യൂസിലാന്‍ഡിന് ഒന്നാം ഇന്നിംഗ്‌സില്‍ 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ആണ് ലഭിച്ചത്. തന്റെ കരിയറില്‍ ആദ്യമായാണ് സാന്റ്‌നര്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. മത്സരത്തില്‍ വിരാട് കോഹ്ലിയെ പുറത്താക്കിയതും സാന്റ്‌നറുടെ നേട്ടങ്ങളില്‍ ഒന്നായിരുന്നു.മത്സര ശേഷം കോഹ്ലിയെ പുറത്താക്കിയതിനെ കുറിച്ച് സാന്റ്‌നര്‍ പറഞ്ഞതിപ്രകാരമാണ്.
'കോഹ്ലിയെ അങ്ങനെ പുറത്താക്കിയത് ഒരു ഞെട്ടലായിരുന്നു. അത് ഒരു സ്ലോ ബോള്‍ ആയിരുന്നു. വേഗത്തിലുള്ള മാറ്റമായിരുന്നു ഇന്നത്തെ വിജയരഹസ്യം' സാന്റ്‌നര്‍ പറഞ്ഞു.
ഇന്ത്യയുടെ വാഷിംഗ്ടണ്‍ സുന്ദറില്‍ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്നും സാന്റ്‌നര്‍ വെളിപ്പെടുത്തി. 'ഞാന്‍ വ്യത്യസ്ത ആംഗിളുകളില്‍ പരീക്ഷിച്ചു. വാഷി ചെയ്തത് കണ്ടു, അത് നന്നായി തോന്നി, അങ്ങനെ ചെയ്യാമെന്ന് ഞാനും കരുതി' സാന്റ്‌നര്‍ പറഞ്ഞു.
'ശരിയായ വേഗത കണ്ടെത്താന്‍ ശ്രമിച്ചു. കളി പുരോഗമിക്കുമ്പോള്‍ ഞാന്‍ വേഗത 90ല്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പിച്ച് കുത്തിതിരിയുന്നുണ്ട്, അത് നല്ലതാണ്. നമുക്ക് ഇത് നാട്ടില്‍ ലഭിക്കുന്നില്ല. സ്പിന്നിന് സഹായകമാണ് ഇവിടെ' സ്പിന്‍ സൗഹൃദ പിച്ചിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ന്യൂസിലാന്‍ഡിന് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 301 റണ്‍സിന്റെ ലീഡുണ്ട്. ആദ്യ മത്സരം തോറ്റതിനാല്‍ രണ്ടാം മത്സരം എന്ത് വിലകൊടുത്തും ഇന്ത്യയ്ക്ക് ജയിച്ചേ തീരു.