പാകിസ്ഥാന്‍ എന്ന ദുരന്തസ്ഥാന്‍, സെഞ്ച്വറിക്കിംഗ്, ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് കൂറ്റന്‍ തോല്‍വി ഏറ്റവുവാങ്ങി പാകിസ്ഥാന്‍. മത്സരത്തില്‍ എല്ലാ മേഖലയിലും അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചപ്പോള്‍പാകിസ്ഥാന്റെ ചാമ്പ്യന്‍സ് ട്രോഫി സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞു.
ഇന്ത്യ സെമിഫൈനലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചപ്പോള്‍, പാകിസ്ഥാന്‍ പുറത്താകുന്നതിന്റെ വക്കിലാണ്. 49.4 ഓവറില്‍ 241 റണ്‍സിന് പാകിസ്ഥാന്റെ പോരാട്ടം അവസാനിച്ചപ്പോള്‍, ഇന്ത്യ 42.3 ഓവറില്‍ വെറും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
രോഹിത് ശര്‍മ്മയുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും, വിരാട് കോഹ്ലിയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. ഗില്ലിനെ നഷ്ടപ്പെട്ട ശേഷം, ശ്രേയസ് അയ്യര്‍ കോഹ്ലിയോടൊപ്പം ചേര്‍ന്ന് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ഇരുവരും അനായാസം റണ്‍സ് കണ്ടെത്തി, പാകിസ്ഥാന്റെ ബൗളര്‍മാര്‍ക്ക് കാര്യമായ ഭീഷണി ഉയര്‍ത്താനായില്ല. കോഹ്ലിയുടെയും ശ്രേയസിന്റെയും കൂട്ടുകെട്ട് ഇന്ത്യയുടെ വിജയത്തിലേക്ക് നയിച്ചു.
96ല്‍ നില്‍ക്കെ കുഷ്ദില്‍ ഷായെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തിയാണ് കോഹ്ലി 51-ാം ഏകദിന സെഞ്ച്വറിയും ഇന്ത്യന്‍ വിജയവും പൂര്‍ത്തിയാക്കിയത്. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി 73 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അബ്രാര്‍ അഹമ്മദും കുഷ്ദില്‍ ഷായും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ബാറ്റ് ചെയ്ത പാകിസ്ഥാന്റെ ഇന്നിംഗ്സില്‍ സൗദ് ഷക്കീലും മുഹമ്മദ് റിസ്വാനും മാത്രമാണ് തിളങ്ങിയത്. ബാബര്‍ അസം അടക്കമുള്ള മറ്റു ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. കുല്‍ദീപ് യാദവിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും കൃത്യമായ ബൗളിംഗിലൂടെ പാകിസ്ഥാനെ ഇന്ത്യ തളച്ചു. കോഹ്ലിയുടെ 51-ാം ഏകദിന സെഞ്ച്വറി ഇന്ത്യയുടെ വിജയത്തിന് മാറ്റുകൂട്ടി. ഇന്ത്യയുടെ ജയത്തോടെ പാകിസ്ഥാന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.