Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ദുബൈയില്‍ കിവിവധം നടത്തി ഹിറ്റ്മാനും കൂട്ടരും, ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്

10:00 PM Mar 09, 2025 IST | Fahad Abdul Khader
Updated At : 10:00 PM Mar 09, 2025 IST
Advertisement

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളായി. ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

Advertisement

കിവീസ് ഇന്നിംഗ്‌സ്

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്പിന്നര്‍മാര്‍ വന്നതോടെ ഇന്ത്യന്‍ ടീം മത്സരത്തിലേക്ക് തിരിച്ചുവന്നു. വില്‍ യങ് 15 റണ്‍സും രചിന്‍ രവീന്ദ്ര 37 റണ്‍സുമെടുത്ത് പുറത്തായി. കെയ്ന്‍ വില്യംസണിന്റെ സംഭാവന 11 റണ്‍സായിരുന്നു.

Advertisement

നാലാമനായി ക്രീസിലെത്തിയ ഡാരല്‍ മിച്ചലാണ് ന്യൂസിലന്‍ഡ് നിരയിലെ ടോപ്പ് സ്‌കോറര്‍. 101 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറുകളുടെ സഹായത്തോടെ 63 റണ്‍സാണ് മിച്ചല്‍ നേടിയത്. 40 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 53 റണ്‍സെടുത്ത മൈക്കല്‍ ബ്രേസ്വെല്ലിന്റെ ഇന്നിംഗ്‌സാണ് ന്യൂസിലന്‍ഡ് സ്‌കോര്‍ 250 കടത്തിയത്. ഗ്ലെന്‍ ഫിലിപ്‌സ് 34 റണ്‍സും സംഭാവന ചെയ്തു.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകളും വീഴ്ത്തി.

ഇന്ത്യയുടെ മറുപടി ബാറ്റിംഗ്

മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. 83 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറും സഹിതം രോഹിത് 76 റണ്‍സെടുത്തു. 50 പന്തില്‍ ഒരു സിക്‌സര്‍ മാത്രം നേടി ഗില്‍ 31 റണ്‍സും നേടി. ആദ്യ വിക്കറ്റില്‍ ഇരുവരും 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിരാട് കോഹ്ലി ഒരു റണ്‍സെടുത്ത് പുറത്തായി. ശ്രേയസ് അയ്യര്‍ 48 റണ്‍സെടുത്ത് നിര്‍ണായക സാന്നിധ്യമായി.

അക്‌സര്‍ പട്ടേല്‍ 29 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 18 റണ്‍സും സംഭാവന ചെയ്തു. ഇന്ത്യ വിജയിക്കുമ്പോള്‍ 34 റണ്‍സുമായി കെ എല്‍ രാഹുലും ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍. ന്യൂസിലാന്‍ഡിനായി മൈക്കല്‍ ബ്രേസ്വെല്ലും മിച്ചല്‍ സാന്റനറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 2000-ല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019-ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലും ന്യൂസിലാന്‍ഡിനോട് തോറ്റതിന്റെ മധുരപ്രതികാരമാണ് ഇന്നത്തെ ഇന്ത്യന്‍ വിജയം. ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്.

Advertisement
Next Article